Monday, June 17, 2024

HomeNewsKeralaസസ്യാവശിഷ്ടങ്ങള്‍ ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എന്‍ഐഐഎസ്ടി കൈമാറി

സസ്യാവശിഷ്ടങ്ങള്‍ ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ എന്‍ഐഐഎസ്ടി കൈമാറി

spot_img
spot_img

തിരുവനന്തപുരം: കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് വീഗന്‍ ലെതര്‍ നിര്‍മ്മിക്കുന്നതിനുള്ള സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി)യുടെ സാങ്കേതികവിദ്യ ആള്‍ട്ടര്‍ വേവ് ഇക്കോ ഇന്നൊവേഷന്‍സ് (എഡബ്ല്യുഇഐ) പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു.
സസ്യാവശിഷ്ടങ്ങളില്‍ നിന്ന് ലെതര്‍ നിര്‍മ്മിക്കുന്നതിനുള്ള സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി യുടെ സാങ്കേതികവിദ്യയുടെ അഞ്ചാമത്തെ കൈമാറ്റമാണിത്. കേരളത്തില്‍ നിന്നുള്ളൊരു കമ്പനിയ്ക്ക് എന്‍ഐഐഎസ്ടിയുടെ ഈ സാങ്കേതികവിദ്യ ആദ്യമായി കൈമാറിയെന്ന പ്രത്യേകതയും ഇത്തവണത്തേതിനുണ്ട്.

വിവിധ കാര്‍ഷികാവശഷ്ടിങ്ങളായ കൈതച്ചക്കയുടെ ഇല, വാഴത്തണ്ട്, വൈക്കോല്‍ തുടങ്ങിയവയില്‍ നിന്ന് ലെതര്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് കൈമാറിയത്. ഇത് തുകല്‍ വ്യവസായത്തിന് സുസ്ഥിര പരിഹാരവും ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് രഹിത-പരിസ്ഥിതി സൗഹൃദ ബദലും സാധ്യമാക്കും.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി യുടെ പാപ്പനംകോട് കാമ്പസില്‍ നടന്ന ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ സി. അനന്തരാമകൃഷ്ണന്‍ എഡബ്ല്യുഇഐ ഡയറക്ടര്‍മാരായ ജെസ്വിന്‍ ജോര്‍ജ്ജ്, നിധിന്‍ സോട്ടര്‍, നിഗില്‍ സോട്ടര്‍, ടിഗില്‍ തോമസ് എന്നിവര്‍ക്ക് ധാരണാപത്രം കൈമാറി.

സസ്യാധിഷ്ഠിതവും ജൈവവിഘടനം സാധ്യമാക്കുന്നതും ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ളതുമായ വസ്തുക്കളില്‍ നിന്ന് സുസ്ഥിര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ആള്‍ട്ടര്‍ വേവ് ഇക്കോ ഇന്നൊവേഷന്‍സിന്‍റെ  താത്പര്യവും അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലുള്ള എന്‍ഐഐഎസ്ടി യുടെ വൈദഗ്ധ്യവും ഒരുമിച്ച് കൊണ്ടുവരാന്‍ ഈ സഹകരണം സഹായകമാകുമെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ഇതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ. ആഞ്ജനേയലു കൊത്തക്കോട്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.

കേരളത്തില്‍ ഏകദേശം 20,000 ഹെക്ടര്‍ സ്ഥലത്ത് കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് ഏകദേശം 720,000 മെട്രിക് ടണ്‍ കാര്‍ഷിക മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. മലയാറ്റൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ വേവ് ഇക്കോ ഇന്നൊവേഷന്‍സ് കര്‍ഷകരില്‍ നിന്നു കാര്‍ഷിക ജൈവവസ്തുക്കളും മറ്റ് ജൈവവസ്തുക്കളും ശേഖരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments