തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വകുപ്പ് തല യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
സിമന്റ്, കമ്പി വിലവര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗവും ഇന്ന് മന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു. ഇന്നലെ ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്തു നോക്കുകയായിരുന്നുവെന്ന് പി രാജീവ് പോസ്റ്റില്‍ അറിയിച്ചു.
”രണ്ടു വാക്‌സിന്‍ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യുകയായിരുന്നു. ആന്റിജനില്‍ തന്നെ പോസറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കമുണ്ടായവര്‍ ശ്രദ്ധിക്കുമല്ലോ…” രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതിനിടെ അരുവിക്കര എം.എല്‍.എ ജി സ്റ്റീഫനേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.