തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പുതിയ നീക്കം. കര്‍ത്ത ആദ്യം മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
കുഴല്‍ പണം എത്തിച്ചത് ബി.ജെ.പിക്ക് വേണ്ടിയാണെന്ന നിഗമനത്തിലാണ് പോലീസ്. ഇത് കൃത്യമായി ആരിലേക്ക് എത്തേണ്ടതായിരുന്നു എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് അറിയാം എന്നാണ് കെ.ജി കര്‍ത്ത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.
ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ പോലീസ് ഒരു തവണ ചോദ്യം ചെയ്തിട്ടുണ്ട്. അടുത്തതായി കെ സുരേന്ദ്രന്റെ മൊഴി എടുക്കുമെന്നാണ് വിവരം. എന്നായിരിക്കും സുരേന്ദ്രനെ വിളിച്ചുവരുത്തുക എന്നത് വ്യക്തമല്ല.
കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്ന ചില ബി.ജെ.പി സ്ഥാനാര്‍ത്ഥികളേയും ചോദ്യം ചെയ്യും എന്നാണ് വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് അടിയന്തരമായി കോഴിക്കോട് എത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്.
കൊടകര കേസില്‍ മൂന്നര കോടി രൂപയാണ് കടത്താന്‍ ശ്രമിച്ചത് എന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഒരു സംഭവം മാത്രമായിരിക്കില്ല നടന്നിട്ടുണ്ടാവുക എന്ന നിഗമനത്തിലാണ് പോലീസ്. ആ രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
നിമയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരളത്തിലേക്ക് ഒഴുക്കിയത് നാനൂറ് കോടിയുടെ കള്ളപ്പണം ആണെന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ബാക്കി പണം നേതാക്കള്‍ വീതംവച്ച് എടുത്തുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിലേക്കുള്ള ഈ പണത്തിന്റെ ഒഴുക്കിനെ കുറിച്ച് പല നേതാക്കള്‍ക്കും അറിവുണ്ടായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കളുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളും ഉണ്ട്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.
ധര്‍മരാജന് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്നു എന്നാണ് എം ഗണേശന്‍ നല്‍കിയ മൊഴി. അതുകൊണ്ടാണ് നിരന്തരം ബന്ധപ്പെട്ടത് എന്നും ഗണേശന്‍ മൊഴി നല്‍കിയിരുന്നു. ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റും ഇങ്ങനെ തന്നെയാണ് പറയുന്നത്. എന്നാല്‍ തനിക്ക് ഒരു തിരഞ്ഞെടുപ്പ് ചുമതലയും ഉണ്ടായിരുന്നില്ല എന്നാണ് ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കുഴല്‍പണ കേസിലെ ബി.ജെ.പി ബന്ധത്തെ പാടേ നിഷേധിക്കുകയാണ് കെ സുരന്ദ്രന്‍. സി.പി.എമ്മും ചില മാധ്യമങ്ങളും ബി.ജെ.പിക്കെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന ആക്ഷേപമാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്.