എറണാകുളം: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന തുടങ്ങി. കുഴല്‍പ്പണക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നിലപാട് തേടിയതിന് പിന്നാലെയാണ് പ്രാഥമിക പരിശോധന തുടങ്ങിയത്.
പൊലീസില്‍ നിന്ന് എഫ്.ഐ.ആര്‍ വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കേസ് സംബന്ധിച്ച് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അവര്‍ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലും ആരോപിക്കപ്പെട്ടിരുന്നു.
പ്രതിസ്ഥാനത്ത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കളായതിനാല്‍ കേന്ദ്ര ഏജന്‍സിയായ ഇ.ഡി അന്വേഷണത്തിന് വിമുഖത കാണിക്കുന്നുവെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഈയൊരു സാഹചര്യത്തില്‍ കോടതിയില്‍ നിന്നും ശക്തമായ വിമര്‍ശനമുയരാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഇ.ഡിയുടെ നടപടി.