തൃശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് കൊണ്ടുളള നോട്ടീസ് ദിപിന് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദിപിനെ ചോദ്യം ചെയ്ത ശേഷം കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം കെ സുരേന്ദ്രനിലേക്കും നീങ്ങുമെന്നാണ് സൂചന.
പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയ ധര്‍മ്മരാജനെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഓഫീസ് ജീവനക്കാരന്‍ മിഥുന്‍ ആണ് വിളിച്ചത് എന്നാണ് വിവരം. മിഥുനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദിപിനേയും ചോദ്യം ചെയ്യാനുളള നീക്കം.
കെ സുരേന്ദ്രന്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പത്തനംതിട്ട ജില്ലയിലെ കോന്നിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കോന്നിയില്‍ എത്തി അന്വേഷണ സംഘം വിവരശേഖരണം നടത്തി. കോന്നിയില്‍ കെ സുരേന്ദ്രന്‍ അടക്കം താമസിച്ച ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ രജിസ്റ്ററിലെ വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസിനെ ഉപയോഗിച്ച് കൊടകര കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിയെ കുരുക്കാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച കെ സുരേന്ദ്രന്‍ സി.പി.എമ്മും ഒരു പറ്റം മാധ്യമങ്ങളും ചേര്‍ന്ന് ബി.ജെ.പിക്ക് എതിരെ പുകമറ സൃഷ്ടിക്കുകയാണ് എന്നും ആരോപിച്ചു.
ഒരു കാര്യവും ഇല്ലാതെയാണ് ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്നും അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ ഏതറ്റം വരെയും സഹകരിക്കുമെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.