കൊച്ചി: കുഴല്‍പ്പണ കേസില്‍ അന്വേഷണം കെ സുരന്ദ്രനിലേയ്ക്ക് അടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെയപിയിലെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. സി.കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ജെ.ആര്‍.പി നേതാവ് പ്രസീദയുടെയും മഞ്ചേശ്വരത്തെ അപരന്‍ കെ സുന്ദരയുടെയും വെളിപ്പെടുത്തലുകള്‍ സുരേന്ദ്രന് മേലുള്ള കുരുക്ക് മുറുക്കിയിരിക്കുകയാണ്.
പാര്‍ട്ടിക്കുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ സുരേന്ദ്രന്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കൊടകര കുഴല്‍പണ കേസ് സുരേന്ദ്രന്റെ മകനിലേയ്ക്കും. ഇതോടെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടുന്ന ഔദ്യോഗിക പക്ഷവും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
ഈ സാഹചര്യത്തിലതില്‍ ഞ്ഞടുപ്പിന് ശേഷമുള്ള ബി.ജെ.പിയുടെ ആദ്യ കോര്‍കമ്മിറ്റി യോഗം ഇന്ന് ചേരും. യോഗത്തില്‍ സുരേന്ദ്രന്റെ രാജിയില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പി.കെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ വിഭാഗവും നേരത്തെ തന്നെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സുരേന്ദ്രന്റെ ഏകധിപത്യ ശൈലിയാണ് പാര്‍ട്ടിയെ വന്‍ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയെകൂടി പ്രതികൂട്ടിലാക്കുന്ന പണമിടപാടുകളും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്‍ തന്നെ രാജിസന്നദ്ധത അറിയിക്കുമെന്ന് ഇവര്‍ കരുതുന്നു.
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന ദേശീയ സമിതി അംഗം സി.കെ പത്മനഭന്റെ പ്രതികരണം സുരേന്ദ്രനെതിരെയുള്ള നീക്കങ്ങളുടെയും എതിര്‍പ്പിന്റെയും പരസ്യ പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെയും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മനാഭന്‍ രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണമെന്നും സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്‍മ്മം മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പത്മനാഭന്‍ പറഞ്ഞു.വടക്കേന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ചെലവാകുന്ന തന്ത്രങ്ങള്‍ ഇവിടെ ചെലവില്ല. ഹെലികോപ്ടര്‍ രാഷ്ട്രീയം ഇവിടെ പ്രയോജനപ്പെടില്ലെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സംസ്ഥാന ഘടകം തന്നെ പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍ നിന്നും പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ സുരേന്ദ്രന് സാധിക്കില്ലെന്ന് കൃഷ്ണദാസ്‌ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ തല്‍ക്കാലം പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനെങ്കിലും സുരേന്ദ്രന്റെ രാജിക്ക് കഴിഞ്ഞേക്കും.
സുരേന്ദ്രന്‍ തുടര്‍ന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആരോപണമെല്ലാം ശക്തമാകുമെന്നും അതിന് അയവ് വരുത്താന്‍ സ്ഥാനമൊഴിയുന്നത് സഹായിക്കുമെന്നും ചില നേതാക്കളെങ്കിലും കരുതുന്നു.
അതേസമയം ഇപ്പോള്‍ രാജിവെക്കുന്നത് കുറ്റസമ്മതത്തിന് സമമാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ തല്‍ക്കാലം രാജിയെക്കുറിച്ച് ചിന്തിക്കേണ്ടെന്ന നിലപാടിലാണ് ഔദ്യോഗിക പക്ഷം. പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്.
അതിനിടെ കുഴല്‍പണ കേസ് അടക്കം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. ലോക്താന്ത്രിക് യുവജനതാ ദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ ഇഡിയും കേരള പൊലീസും നടത്തുന്ന അന്വേഷണം തുടരുകയാണ്.