കാസര്‍കോട്: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം വാങ്ങിയെന്ന തന്റെ വെളിപ്പെടുത്തലിനുശേഷം ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി കെ സുന്ദര. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കുന്നതില്‍നിന്നും പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്ന് കെ സുന്ദര വെളിപ്പെടുത്തിയിരുന്നു.
ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കി പിന്നീടു പിന്മാറിയ കെ സുന്ദര, ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി പണവും ഫോണും നല്‍കിയെന്ന് ഇന്നലെയാണ് വെളിപ്പെടുത്തിയത്. പണം വാങ്ങിയിട്ടില്ലെന്നു തന്നോടു പറയാന്‍ അമ്മയോട് അവര്‍ ആവശ്യപ്പെട്ടുവെന്നും പോലീസിനോടു കൂടുതല്‍ വെളിപ്പെടുത്തുമെന്നും സുന്ദര കൂട്ടിച്ചേര്‍ത്തു.
തനിക്ക് അര ലക്ഷം രൂപയും അമ്മയുടെ കയ്യില്‍ 2 ലക്ഷം രൂപയും പണമായി തന്നു. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍, വീട് എന്നിവയും വാഗ്ദാനം ചെയ്തു. പോലീസ് ചോദ്യം ചെയ്യുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ തയാറാണെന്നും സുന്ദര പറഞ്ഞു.
കെ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും സുന്ദര പറയുന്നു. അന്ന് അവര്‍ നല്‍കിയ ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ലഭിച്ച പണം ഇപ്പോള്‍ തിരിച്ചുകൊടുക്കാനില്ല. അത് മരുന്നിനും വീടിനും വേണ്ടി ചെലവഴിച്ചു പോയി. പണം വാങ്ങിയത് തെറ്റായിരുന്നു.
2016ല്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് തോറ്റത്. അന്ന് കെ സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു. സുന്ദര മല്‍സരിച്ചിരുന്നില്ലെങ്കില്‍ സുരേന്ദ്രന്‍ ജയിക്കുമായിരുന്നു എന്ന വിലയിരുത്തലുമുണ്ടായി. തുടര്‍ന്നാണ് ഇത്തവണ നിമയസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി എത്തിയ കെ സുന്ദരയെ പണം നല്‍കി പിന്‍വലിപ്പിച്ചത് എന്നാണ് വിമര്‍ശനം.
പത്രിക പിന്‍വലിക്കാനുള്ള അവസാന നിമിഷങ്ങളില്‍ സുന്ദര അപ്രത്യക്ഷനായിരുന്നു. പിന്നീട് മല്‍സര രംഗത്ത് നിന്ന് പിന്‍മാറിയതായും മല്‍സരിക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തി. സുന്ദര ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് നടന്ന സംഭവങ്ങളെല്ലാം പോലീസിനോടും പറയാന്‍ തയ്യാറാണെന്നും സുന്ദര ഇപ്പോള്‍ പറയുന്നു.
അതേസമയം, അപരന് കൈക്കൂലി നല്‍കി മല്‍സര രംഗത്ത് നിന്ന് പിന്‍വലിപ്പിച്ച സംഭവത്തില്‍ കെ സുരേന്ദ്രനെതിരെ ബദിയടുക്ക പോലീസ് അന്വേഷണം തുടങ്ങി. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസ് കാസര്‍കോഡ് കോടതിയുടെ അനുമതി തേടി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശ് എസ്.പിക്ക് പരാതി നല്‍കിയിരുന്നു.