കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ.പി.സി.സി അധ്യക്ഷനായി നിയോഗിച്ച പ്രഖ്യാപനം വന്നതിന് പിന്നാലെ കെ സുധാകരന്‍ പറഞ്ഞു. അര്‍ഹതയും കഴിവുമുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും. ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടിയെന്ന് വിശ്വിസിക്കുന്നെന്നും കോണ്‍ഗ്രസിന്റെ അണികള്‍ തീരുമാനം സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കും. എന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ചുകൊണ്ടു പോകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. ഇത് പൂര്‍ണമായും നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിനേക്കാള്‍ പ്രധാന്യവും പ്രാമുഖ്യവും കര്‍മശേഷിയും കഴിവിനുമായിരിക്കും. അര്‍പ്പണ ബോധവും കഴിവുമുള്ള നേതാക്കലെ കണ്ടെത്തി നേതൃസ്ഥാനത്ത് കൊണ്ടുവരും. പാര്‍ട്ടിയും സംഘടനയുമാണ് ആവശ്യം. ഇതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലെ യുവനിര സുധാകര പക്ഷത്തേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു. കേരളത്തിലെ യുവാക്കളുടെ പിന്‍തുണ ആര്‍ജിക്കാന്‍ കഴിഞ്ഞത് സുധാകരന് മുതല്‍ക്കൂട്ടാവും. കേരളത്തിലെ എ, ഐ ഗ്രൂപ്പുകളില്‍ കേന്ദ്ര നേതൃത്വത്തിനു സമ്പൂര്‍ണമായി വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരു ഗ്രൂപ്പുകളിലുമുള്ള യുവാക്കള്‍ സുധാകരനില്‍ വിശ്വാസം രേഖപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ വിജയം.
സി.പി.എമ്മിനെ വാക്കുകൊണ്ടും കര്‍മംകൊണ്ടും നേരിടാന്‍ കരുത്തനായ നേതാവ് എന്ന നിലയിലാണ് യുവാക്കള്‍ വന്‍തോതില്‍ സുധാകരനെ പിന്‍തുണക്കുന്നത്. സുധാകരന്‍ പ്രസിഡന്റായതോടെ പാര്‍ട്ടിക്കു പട്ടാളച്ചിട്ട കൈവരുമെന്നും താഴെ തട്ടില്‍ വരെ പാര്‍ട്ടി ഊര്‍ജ്ജസ്വലമാവുമെന്നും കരുതുന്നവരാണ് യുവവിഭാഗം.
ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസിനു നില്‍ക്കാനാവില്ല എന്നതിനാല്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ കേന്ദ്രീകരിച്ചും മറ്റൊരു ഗ്രൂപ്പ് സജീവമായിത്തീരും. സ്ഥാനം നഷ്ടപ്പെട്ട ചെന്നിത്തലയും പാര്‍ട്ടിയില്‍ കരുത്തുകുറഞ്ഞ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമെല്ലാം ഏതു ഘട്ടത്തിലും തനിക്കെതിരെ കരുനീക്കം നടത്തിയേക്കാമെന്ന ഭയം സതീശനുണ്ട്.
അതിനാല്‍ ഒരു ഗ്രൂപ്പു ബലമില്ലാതെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം. അതുകൊണ്ട് തന്നെ തേടിയെത്തിയ ഗ്രൂപ്പ് മാനേജര്‍മാരെ അദ്ദേഹം നിരാശരാക്കിയിട്ടില്ലെന്നാണു വിവരം.
സ്വന്തമായി ഇപ്പോഴും ഒരു അനുയായി വൃന്ദത്തെ സൂക്ഷിക്കുന്ന കെ മുരളീധരന്‍ കേവല വിലപേശലിനപ്പുറത്ത് ഒരു ഗ്രൂപ്പ് ലീഡറായി വളരാന്‍ നീക്കം നടത്തില്ല എന്നാണ് കരുതുന്നത്. ഹൈക്കമാന്റിന്റെ പിന്‍തുണ ഇല്ല എന്നതാണ് മുരളീധരനെ ഗ്രൂപ്പ് നേതാവായി വളരുന്നതില്‍ നിന്നു പിന്‍തിരിപ്പിക്കുന്നത്. പിതാവ് കെ കരുണാകരന്‍ കരുത്തനായ കാലത്തുപോലും പാര്‍ട്ടിയില്‍ നിന്നു നേരിട്ട മുന്‍കാല ദുരനുഭവങ്ങള്‍ മുരളീധരനെ പിന്നാക്കം വലിക്കുന്നു.
ഹൈക്കമാന്റിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ കെ.സി വേണുഗോപാലിനുള്ള സ്വാധീനം ഇനി കേരളത്തില്‍ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാനമായിത്തീരും.
കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ നിര്‍ണായകമായി ഇടപെട്ട വേണുഗോപാല്‍, ചെന്നിത്തലയെ നീക്കി വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. ആ നീക്കത്തിന് കെ സുധാകരന്റെ പിന്‍തുണയും ലഭിച്ചു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഇനി നിയന്ത്രിക്കുക കെ സുധാകരന്‍, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ ത്രിമൂര്‍ത്തികള്‍ ആയിരിക്കുമെന്നുറപ്പാവുകയാണ്.