തിരുവനന്തപുരം: കുഴല്‍പണവുമായി ബന്ധപ്പെട്ട് കേരള ബി.ജെ.പിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് കെ സുരേന്ദ്രനെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ താക്കീത് ചെയ്തു.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയിലും ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നതില്‍ കെ സുരേന്ദ്രന്‍ പരായജപ്പെട്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ വ്യക്തിപരമായി ഒരു തരത്തിലും സംരക്ഷിക്കുമെന്ന ഉറപ്പും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മറിച്ച് സംസ്ഥാന ബിജെപി ഘടകത്തിന് പിന്തുണ നല്‍കാമെന്ന് മാത്രമാണ് നല്‍കിയിരിക്കുന്നത്.
അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച് നേടിയെടുത്ത ബി.ജെ.പിയുടെ നിയമസഭാ പ്രാതിനിധ്യം ഇല്ലാതാക്കുകയും, മൂന്ന് ശതമാനത്തിലധികം വോട്ട് കുറക്കുകയും, ദേശീയ തലത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുകയും ചെയ്ത പ്രവര്‍ത്തനമാണ് കേരള ഘടകത്തിന്റെ മേന്മയെന്ന് ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
കേന്ദ്ര നേതൃത്വം വേണ്ട സഹായമെല്ലാം ചെയ്യുകയും ബംഗാളിനോപ്പം കേരളത്തിലും ബിജെപി നേതാക്കള്‍ സമയം ചെലവഴിച്ചിട്ടും പ്രയോജനം ലഭിച്ചില്ല. ബംഗാളില്‍ 2 സീറ്റില്‍ നിന്ന് 77 സീറ്റായി വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളം പൂജ്യമാക്കിയ സുരേന്ദ്രനോട് കഴിയാത്ത പണി ഏറ്റെടുക്കേണ്ടിയിരുന്നോ എന്നും നദ്ദ ചോദിച്ചതായാണ് വിവരം.
ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്നും, ഇപ്പോള്‍ പുറത്താക്കിയാല്‍ പാര്‍ട്ടിക്ക് നാണക്കേടാകുമെന്നത് കൊണ്ട് മാത്രമാണ് അത് ചെയ്യാത്തതെന്നും നദ്ദ അറിയിച്ചു.
തെരഞ്ഞെടുപ്പ് പാരാജയത്തെക്കാളും മോശമായ സാഹചര്യമാണ് കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ നിലയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. സംസ്ഥാനത്തെ സംഘടനാപരമായ വിഷയങ്ങളില്‍ കടുത്ത അതൃപ്തിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കുവച്ചത.് മുതിര്‍ന്ന നേതാക്കളെ ഇത്രയും ശത്രുതയോടെ സമീപിക്കുന്ന രീതി ഒരു രാഷ്രീയനേതാവിനും യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വം ശാസിക്കുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജെ.പി നദ്ദ വിളിച്ചു വരുത്തിയത് സുരേന്ദ്രന്‍ മറച്ചു വെച്ചതെന്നാണ് സൂചന. ദേശീയ നേതൃത്വം വിളിപ്പിച്ചിട്ടല്ല താന്‍ ഡല്‍ഹിയില്‍ എത്തിയതെന്നായിരുന്നു സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കാനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മന്ത്രി പ്രകാശ് ജാവദേക്കറെ ഉള്‍പ്പെടെ കണ്ടത് സഹമന്ത്രി വി മുരളീധരന്‍ ഒറ്റയ്ക്കാണ്.