കൊച്ചി; മനുഷ്യാവകാശ പ്രവര്‍ത്തകയും സിനിമാ സംവിധായകയുമായ ഐഷ സുല്‍ത്താനയ്ക്ക് എതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ഐഷയുടെ ദ്വീപായ ചെത്ത്‌ലത്ത് ദ്വീപിലെ 12 പേര്‍ രാജിവച്ചു. ബിജെപി സ്‌റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോര്‍ഡ് അംഗം എന്നിവര്‍ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്.
ഐഷയ്‌ക്കെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ കവരത്തി പോലീസിന് പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ക്കെതിരെയാണ് ഐഷ സുല്‍ത്താന പ്രതിഷേധിച്ചത്. അതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല.
അമിത് ഷായെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടുവെങ്കിലും ദ്വീപിലെ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആന്ത്രോത്ത് ദ്വീപില്‍നിന്ന് രണ്ടുപേരും അഗത്തിലില്‍നിന്ന് ഒരാളും രാജിവച്ചിട്ടുണ്ട്.
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരേ നല്‍കിയ പരാതിയിലാണ് കേസ്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് നേരത്തെ അവര്‍ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു.