മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നല്‍കിയ പത്രിക പിന്‍വലിക്കുന്നതിനായി കെ സുന്ദരക്ക് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പണം ക്രൈബ്രാഞ്ച് കണ്ടെത്തിയതായി വിവരം. രണ്ടര ലക്ഷം രുപയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നല്‍കിയത് എന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇതില്‍ ഒരു ലക്ഷം രൂപയാണ് ഇപ്പോള്‍ സുന്ദരയുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയത്. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ചിന്റെ നടപടി. സുഹൃത്തിന്റെ ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.
രണ്ടര ലക്ഷം രൂപയില്‍ കണ്ടെടുത്ത ഒരു ലക്ഷത്തിന് പുറത്തുള്ള ഒന്നര ലക്ഷം രൂപ ചിലവായിപോയെന്ന് നേരത്തെ സുന്ദര മൊഴി നല്‍കിയിരുന്നു. കടങ്ങളും മറ്റും തീര്‍ക്കാന്‍ ഈ പണം ചിലവഴിച്ചെന്നായിരുന്നു സുന്ദര നല്‍കിയ മൊഴി.
രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ആണ് പത്രിക പിന്‍വലിക്കാന്‍ തനിക്ക് ബി.ജെ.പി നേതാക്കള്‍ നല്‍കിയത് എന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. സുന്ദരയോട് പറഞ്ഞത് പതിനയ്യായിരം രൂപയുടെ ഫോണ്‍ എന്നാണെങ്കിലും കൊടുത്തത് എണ്ണായിരം രൂപയുടെ ഫോണ്‍ ആണെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
സുന്ദരയ്ക്ക് കൊടുത്ത ഫോണ്‍ ആരാണ് വാങ്ങിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് കടയില്‍ നിന്നാണ് വാങ്ങിയത് എന്നും കണ്ടെത്തി. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തുകഴിഞ്ഞു.
പത്രിക പിന്‍വലിക്കുന്നതിനായി സുന്ദര ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയത് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും. തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ വിജയിക്കുകയാണെങ്കില്‍, കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പും വീടും നല്‍കാമെന്ന വാഗ്ദാനവും നല്‍കിയിരുന്നതായി സുന്ദര മൊഴി നല്‍കിയിട്ടുണ്ട്.