പത്തനംതിട്ട: റവന്യു വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ കിഴക്കന്‍ മേഖലയില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ തേക്ക് അടക്കമുള്ള വന്‍ മരങ്ങള്‍ മുറിച്ചു കടത്തിയെന്ന് ആക്ഷേപമുയരുന്നു. ജില്ലയ്ക്കു പുറത്തുനിന്ന് എത്തിയ വന്‍ തടി ലോബികളുടെ നേതൃത്വത്തിലായിരുന്നു മരം മുറിക്കല്‍. “മുട്ടില്‍ മരം കൊള്ള’ പുറത്തറിഞ്ഞതോടെ ഇവിടെയും പിടി വീഴുമെന്ന ആശങ്കയിലാണ് വനപാലകര്‍. റാന്നി, കോന്നി ഫോറസ്റ്റ് ഡിവിഷനുകളിലെ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, പഞ്ചായത്തുകളില്‍ നിന്നാണ് 160 ഇഞ്ച് വരെ വലുപ്പമുള്ള തടികള്‍ കൊണ്ടുപോയത്.
എന്നാല്‍ തടികള്‍ മുറിക്കാന്‍ നിയമപരമായാണ് അനുമതി നല്‍കിയതെന്നാണ് വനം വകുപ്പിന്റെ വാദം. കഴിഞ്ഞ ഒക്ടോബറിലാണ് തടികള്‍ കൊണ്ടുപോയത്. തടി മുറിക്കുന്നതിനു പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുള്ളതിനാല്‍ വനപാലകര്‍ക്കു കാര്യമായ തടസ്സം ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.
വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടശേരിക്കര റേഞ്ച് ഓഫിസില്‍ നിന്നാണ് ഇതു സംബന്ധിച്ച പാസ് വിതരണം ചെയ്തത്. പ്രാദേശിക ഭരണ നേതൃത്വത്തിലുള്ള ചിലരെ ഇടനിലക്കാരാക്കിയാണ് കച്ചവടം ഉറപ്പിച്ചതെന്നും ആരോപണമുണ്ട്. തടികള്‍ മുറിക്കുന്നതു സംബന്ധിച്ച് ഉന്നതതലത്തില്‍ നിന്നുള്ള ഉത്തരവ് ആയതിനാല്‍ സ്റ്റേഷന്‍ തലത്തിലുള്ള വനപാലകര്‍ നിസ്സഹായരായിരുന്നെന്നും പറയുന്നു.
ഇക്കാരണത്താല്‍ പല ഉദ്യോഗസ്ഥരും പരസ്യമായി രംഗത്ത് വന്നില്ല. സ്വകാര്യ കമ്പനിയില്‍ നിന്ന് വ്യക്തികള്‍ വാങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്ന മിക്ക തേക്ക് തടികളും മുറിച്ചു കൊണ്ടുപോയി. സ്വകാര്യ കമ്പനിയുടെ കൈവശം ഉണ്ടായിരുന്ന സര്‍വേ നമ്പറിലുള്ള സ്ഥലത്തെ വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുമതി ഉള്ളതായാണ് വനപാലകരും, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. അതേസമയം ഈ സ്ഥലത്തോടു ചേര്‍ന്നു കിടക്കുന്നയിടങ്ങളിലെ വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുമതി ഇല്ലെന്നും വനം വകുപ്പ് പറയുന്നു.
കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചപ്പോള്‍ വനം വകുപ്പ് കേസ് എടുത്തിരുന്നു. ജനകീയ കര്‍ഷക സമിതി ഇതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് വന്നെങ്കിലും വനപാലകര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.