കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ കിറ്റക്‌സ് ലിമിറ്റഡില്‍ തുടര്‍ച്ചയായി നടക്കുന്ന പരിശോധനകളില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റ്. കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയില്‍ ഒരു മാസത്തിനിടെ 11 തവണയാണ് ഉദ്യോഗസ്ഥര്‍ കിറ്റക്‌സ് സ്ഥാപനങ്ങളിലെത്തിയതെന്ന് കമ്പനി പറയുന്നു.
ജോലി തടസപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പുവെച്ച 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കിറ്റക്‌സ് ഗ്രൂപ്പ് അറിയിച്ചു.
ഇന്നും കിറ്റക്‌സ് സ്ഥാപനങ്ങളില്‍ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ നീക്കം. കൊച്ചിയില്‍ ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കുകളും നിര്‍മ്മിക്കാനുമുള്ള ധാരണാ പത്രത്തില്‍ പത്രത്തില്‍ നിന്നും പിന്മാറുന്നതായി അദ്ദേഹം അറിയിച്ചു. 2020 ജനുലവരിയില്‍ അസെന്റ് ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു കിറ്റെക്‌സുമായി ചേര്‍ന്ന് ഈ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധാരണാപത്രം തയ്യാറാക്കിയത്.
”20,000പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5,000 പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്ന മൂന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും അടക്കം 35,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്. ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കും തുടക്കമിട്ടിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വലിയ മുതല്‍ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതുമാണ്. 2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള ധാരണാ പത്രത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്…” കിറ്റക്‌സ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
കേരളത്തില്‍ നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അവര്‍ പറഞ്ഞു. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്പറും എഴുതി എടുക്കുന്നു.
ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ലെന്നും കിറ്റക്‌സ് എം.ഡി സാബു എം ജേക്കബ് പറഞ്ഞു.
കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത പരിശോധനകള്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂ. 10000 ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ പല പരിശോധനകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും കമ്പനി ആരോപിച്ചു.
നിലവിലുള്ള യൂണിറ്റുകള്‍ തന്നെ നടത്തിക്കൊണ്ടു പോവാന്‍ കഴിയാത്ത സാഹചര്യമായതോടെയാണ് ഇനിയും കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തണ്ട എന്ന തീരുമാനത്തിലേക്ക് കിറ്റെക്‌സ് എത്തിയത്. ഇന്ത്യയില്‍ നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ 29 സംസ്ഥാനങ്ങളുള്ളതില്‍ വെച്ച് 28-ാം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തിന് പിന്നിലുള്ള ഒരേയൊരു സംസ്ഥാനം ത്രിപുര മാത്രമാണ്.
ഇതില്‍ നിന്നും വ്യക്തമാണ് കേരളത്തിലെ വ്യവസായിക സൗഹൃദം എത്രത്തോളമുണ്ടെന്ന്. കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ ചുവന്ന പരവതാനി വിരിച്ചാണ് വ്യവസായികളേയും നിക്ഷേപകരേയും സ്വീകരിക്കുന്നത്. സൗജന്യമായി ഭൂമി, കെട്ടിടം, വെള്ളം, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, അഞ്ചും പത്തും വര്‍ഷത്തേക്ക് നികുതിയിളവ്, കൂടാതെ തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ വിഹിതവും സര്‍ക്കാര്‍ നല്‍കുന്നു.
കേരളത്തില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് യാതൊരുവിധ സൗജന്യവും സഹായവും ലഭിക്കുന്നില്ല എന്നു മാത്രമല്ല ഇവിടെ മുതല്‍ മുടക്കാന്‍ വരുന്നവരെ രാജ്യദ്രോഹികളായാണ് കാണുന്നത്. അവനെ കുത്തക മുതലാളിയായി, ബൂര്‍ഷ്വയായി, ചൂഷകനായി, കയ്യേറ്റക്കാരനായി, നിയമ ലംഘകനായി, കോര്‍പ്പറേറ്റായി ചിത്രീകരിച്ച് അപമാനിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം.
എഴുപതുകളിലും എണ്‍പതുകളിലും തൊഴിലാളി സമരങ്ങള്‍ മൂലമാണ് ഇവിടെ വ്യവസായങ്ങള്‍ കൂട്ടമായി അടച്ചു പൂട്ടിയതെങ്കില്‍ ഇന്ന് കപട പരിസ്ഥിതി വാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് വ്യവസായത്തിന്റെ അന്തകരായി മാറുന്നത്.
എന്ത് ധൈര്യത്തിലാണ് കേരളത്തില്‍ ഇത്രയും ഭീമമായ തുക നിക്ഷേപിക്കുക..? എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികള്‍ക്കുള്ളത്..? കിറ്റെക്‌സിനെ പോലുള്ള ഒരു കമ്പനിയുടെ സ്ഥിതി ഇതാണെങ്കില്‍ ജീവിക്കാനായി അമ്പതിനായിരമോ ഒരു ലക്ഷമോ മുടക്കി ചെറുകിട സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.
ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചാല്‍ അവന്റെ ശനിദശ ആരംഭിക്കുകയായി. മന:സമാധാനം എന്നെന്നേക്കുമായി ഇല്ലാതായിത്തീരും. ഈ നാട്ടിലെ ഏറ്റവും കൊള്ളരുതാത്തവനായി അവനെ മുദ്രകുത്തും. എന്തിന് കേരളത്തില്‍ മുതല്‍ മുടക്കി റിസ്‌ക് എടുക്കുന്നുവെന്നും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ ചോദിച്ചു.