Saturday, September 7, 2024

HomeNewsKeralaഇതിഹാസങ്ങള്‍ പിറന്ന കോട്ടയത്തിന്റെ ലാന്റ്മാര്‍ക്ക് ബെസ്‌റ്റോട്ടല്‍ ഇനി ഓര്‍മ

ഇതിഹാസങ്ങള്‍ പിറന്ന കോട്ടയത്തിന്റെ ലാന്റ്മാര്‍ക്ക് ബെസ്‌റ്റോട്ടല്‍ ഇനി ഓര്‍മ

spot_img
spot_img

കോട്ടയം: ഈടുറ്റ ഇതിഹാസങ്ങള്‍ പിറന്ന…ഒട്ടേറെ സൗഹൃദങ്ങള്‍ പിറന്ന…പ്രണയങ്ങള്‍ മൊട്ടിട്ട കോട്ടയംകാരുടെ സംഗമ കേന്ദ്രമായ…സര്‍വോപരി രുചിയുടെ കലവറയായ ‘ബെസ്റ്റോട്ടല്‍’ ഇനി ഓര്‍മയില്‍ മാത്രം.

എ.കെ.ജിയുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കേട്ട, ജോണ്‍ ഏബ്രഹാമിന്റെ കലഹങ്ങള്‍ കണ്ട, വയലാറിന്റെയും ദേവരാജന്റെയും മാന്ത്രിക സംഗീതം അലയടിച്ച 67 വര്‍ഷം രുചിയുടെ സ്മൃതിപഥങ്ങളില്‍ നിറഞ്ഞുനിന്ന ബെസ്‌റ്റോട്ടല്‍ ഓഗസ്റ്റ് 31ന് എന്നെന്നേക്കുമായി അടയ്ക്കുകയാണ്.

ഷമ്മി കപൂര്‍ ബെസ്‌റ്റോട്ടലില്‍ ബില്യാര്‍ഡ്‌സ് കളിക്കുന്നു

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഹോട്ടല്‍ ഇരിക്കുന്ന ഒന്‍പത് സെന്റ് സ്ഥലം വില്‍ക്കാന്‍ ധാരണയായതായി നിലവിലെ ബെസ്‌റ്റോട്ടല്‍ ഉടമ എ.പി.എം ഗോപാലകൃഷ്ണന്‍ പറഞ്ഞു.

1944 മുതലാണ് ഹോട്ടല്‍ കോട്ടയം നഗരഹൃദയത്തിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 67 വര്‍ഷത്തെ രുചി ഓര്‍മ്മകള്‍, മഹാരഥന്മാര്‍ക്ക് മഹാ കൃതികള്‍ എഴുതാന്‍ ഊര്‍ജ്ജം നല്‍കിയ ഇടം, സാഹിത്യ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖര്‍ ഭക്ഷണം കഴിക്കാനും അന്തിയുറങ്ങാനുമെത്തിയ ഇടം… ഇതെല്ലാമാണ് ചരിത്രമാകുന്നത്.

കേരള രഞ്ജി ട്രോഫി ടീമിന്റെ ആദ്യ ക്യാപ്റ്റനായ പി.എം രാഘവനാണ് കോട്ടയത്ത് ‘ബെസ്‌റ്റോട്ടല്‍’ തുടങ്ങിയത്. 1883ല്‍ കേരളത്തില്‍ ആദ്യമായി കേക്ക് നിര്‍മ്മിച്ച മമ്പള്ളി ബാപ്പുവിന്റെ ബന്ധുവാണ് രാഘവന്റെ അച്ഛന്‍ മമ്പള്ളി ഗോപാലന്‍. അങ്ങനെ പാരമ്പര്യത്തിന്റെ ചരിത്രം കൂടി ഈ രുചിപ്പെരുമക്കുണ്ട്.

കോട്ടയത്തെ ആദ്യകാല ലോഡ്ജിങ് കൂടിയായിരുന്നു ‘ബെസ്‌റ്റോട്ടല്‍’. സെന്‍ട്രല്‍ തിയേറ്റര്‍ വാങ്ങിയാണ് അന്ന് ഹോട്ടലിനൊപ്പം 22 മുറികളോട് കൂടിയ ലോഡ്ജിങ് തുടങ്ങിയത്. അഞ്ച് ലക്ഷുറി മുറികള്‍. അതിഥികളായി എ.കെ.ജിയും, തകഴിയും, യേശുദാസും, ഷമ്മി കപൂര്‍ പോലെ ബോളിവുഡ് താരങ്ങള്‍ വരെ.

തകഴി ‘രണ്ടിടങ്ങഴി’ മനോഹരമായി എഴുതി പൂര്‍ത്തിയാക്കിയത് ഇവിടുത്തെ ഒമ്പതാം നമ്പര്‍ മുറിയില്‍ നിന്നുമാണ്. വിപ്ലവഗാനങ്ങളില്‍ ഒന്നാമത് നില്‍ക്കുന്ന ‘ബലികുടീരങ്ങളേ…’ വയലാര്‍ എഴുതിയത് ഇവിടുത്തെ ഏഴാം നമ്പര്‍ മുറിയില്‍ നിന്നും. ദേവരാജന്‍ മാസ്റ്ററും, പൊന്‍കുന്നം വര്‍ക്കിയും ഒക്കെ ആ ചരിത്ര എഴുത്തിന് സാക്ഷിയായി ഈ മുറിയിലെത്തി.

മലയാളത്തിന്റെ വിഖ്യാത ചലച്ചിത്രകാരന്മാരായ ജോണ്‍ എബ്രഹാമും അരവിന്ദനും പത്മരാജനും പ്രേംനസീറും സത്യനും മധുവും ഷീലയും ഒക്കെ ഇവിടുത്തെ സന്ദര്‍ശകനായിരുന്നു. പലരും താമസക്കാരായി. ചിലര്‍ രുചി അറിഞ്ഞു മടങ്ങി. ഗാനഗന്ധര്‍വന്‍ യേശുദാസിന് ബെസ്‌റ്റോട്ടല്‍ സ്ഥിരം അന്തിയുറങ്ങാന്‍ ഇടം നല്‍കി.

കോട്ടയത്ത് എത്തുമ്പോള്‍ എ.കെ.ജിയുടെ സ്ഥിരതാമസം ഇവിടെയായിരുന്നു. എ.കെ.ജിയെ കാണാന്‍ ഇ.എം.എസ് ഇവിടെ എത്തിയിരുന്നു. അമരാവതി സമര കാലത്തായിരുന്നു ഏറെ സമയവും ഇവിടെ എ.കെ.ജി ഉണ്ടായിരുന്നതെന്ന് 47 വര്‍ഷം ഹോട്ടല്‍ ജീവനക്കാരനായിരുന്ന പി. എം വര്‍ഗീസ് ഓര്‍ത്തെടുക്കുന്നു.

ലോക്ഡൗണിനു മുന്‍പ് ബെസ്‌റ്റോട്ടല്‍, ഇടത്ത്-ഉടമ എ.പി.എം ഗോപാലകൃഷ്ണന്‍

ബില്യാര്‍ഡ്‌സ്, ടേബിള്‍ ടെന്നിസ് എന്നിവ കളിക്കാനുള്ള സൗകര്യം ഹോട്ടലിലെ സന്ദര്‍ശകനായിരുന്ന ഷമ്മി കപൂര്‍ ഉപയോഗിച്ച ചിത്രം ഇന്നും ഉണ്ട്.

ദിലീപ് കുമാര്‍, ബെല്‍ രാജ് സാഹ്നി, സൈറാബാനു… ബോളിവുഡ് താരങ്ങള്‍ക്കും പ്രിയപ്പെട്ട ഇടമായിരുന്നു ബെസ്‌റ്റോട്ടല്‍. മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എ.പി.എം ഗോപാലകൃഷ്ണനാണ് നിലവില്‍ ഹോട്ടല്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഹോട്ടല്‍ വില്‍ക്കാന്‍ കാരണമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കോട്ടയത്തെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനാണ് ഒന്‍പത് സെന്റ് വരുന്ന സ്ഥലം വില്‍ക്കുന്നത്. ഹോട്ടല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും ബേക്കറി നിലനിര്‍ത്തുമെന്ന് ഗോപാലകൃഷ്ണന്‍ ഉറപ്പ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments