തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ 43 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. മഹീന്ദ്ര കമ്ബനി വഴിപാട് നല്‍കിയ ഥാര്‍ കാര്‍ ദേവസ്വം ഭരണസമിതി പുനര്‍ലേലം ചെയ്യുകയായിരുന്നു.
ദുബായിയില്‍ ബിസിനസ് ചെയ്യുന്ന അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് ഥാര്‍ സ്വന്തമാക്കിയത്. 15 പേര്‍ പങ്കെടുത്ത ലേലത്തില്‍ വിഘ്നേഷിന് വേണ്ടി മാനേജര്‍ അനൂപാണ് ലേലം വിളിച്ചത്.
മഹീന്ദ്ര കമ്പ നി 2021 ഡിസംബര്‍ 4നാണ് വഴിപാടായി 15 ലക്ഷം അടിസ്ഥാന വിലയുള്ള ഥാര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് ക്ഷേത്രം ഡിസംബര്‍ 18 നടത്തിയ ലേലത്തില്‍ അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്നയാളാണ് ലേലത്തില്‍ പങ്കെടുത്തത്. അടിസ്ഥാനവിലയെക്കാള്‍ 10000 കൂട്ടി 15.10ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.
എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. തുടര്‍ന്നാണ് പുനര്‍ലേലത്തിന് അനുമതി നല്‍കിയത്.