തിരുവല്ല: സാധാരണക്കാരായ മദ്യ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയിരുന്ന ‘ജവാന്‍ റം’ ഉത്പാദനം നിര്‍ത്തിവെച്ച് തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ്. കേരളാ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് നടപടി.
മദ്യ നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് നേരത്തെ കണ്ടെത്തിയിരുന്നു. 20,000 ലിറ്റര്‍ മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഓരോ ആറ് മാസത്തേക്കാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കുന്നത്.
കരാര്‍ ഏറ്റെടുത്തത് എറണാകുളത്തെ കേറ്റ് എഞ്ചിനിയറിങ്ങ് എന്ന സ്ഥാപനമായിരുന്നു. ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനായിരുന്നു കരാറിന്റെ കാലയളവിലാണ് സ്പിരിറ്റ് മറിച്ച് വിറ്റത്.
ഈ വകയില്‍ 25 ലക്ഷം രൂപയാണ് ഡ്രൈവര്‍മാരായ നന്ദകുമാറും സിജോ തോമസും സ്ഥാപനത്തിന്റെ വെയര്‍ ഹൗസ് മാനേജറായ അരുണ്‍ കുമാറിന് എത്തിച്ച് നല്‍കിയത്. സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടായെന്ന് മൊഴി നല്‍കിയ അരുണ്‍ കുമാര്‍ പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ സമ്മതിച്ചിട്ടില്ല.
അറസ്റ്റിലയാവരുടെ മൊഴി പ്രകാരം പ്രതി പട്ടികയില്‍ ചേര്‍ത്ത സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ അലക്‌സ് എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്.