കൊച്ചി: സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറാനുളള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്‌സിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് തമിഴ്‌നാട്. കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ് ആണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട്ടില്‍ സൗകര്യങ്ങള്‍ ഒരുക്കിത്തരാമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. കിറ്റെക്‌സിനെപ്പോലെ വര്‍ഷങ്ങളുടെ പാരമ്പര്യമുളള ഒരു സ്ഥാപനം പിന്‍മാറുന്നത് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയില്‍ വലിയ തിരിച്ചടി നല്‍കുമെന്ന അഭിപ്രായങ്ങള്‍ക്ക് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണത്തെക്കുറിച്ച് സാബു ജേക്കബ് വ്യക്തമാക്കിയത്.
കേരളത്തില്‍ നടപ്പാക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതി തമിഴ്‌നാട്ടില്‍ നടപ്പിലാക്കാനാണ് കമ്പനിയെ ക്ഷണിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു.
രാഷ്ട്രീയ നേതാക്കളുടെ പ്രേരണയാല്‍ കമ്പനിയില്‍ നടത്തുന്ന അനാവശ്യ പരിശോധനകളിലും പകപോക്കല്‍ നിലപാടുകളിലും പ്രതിഷേധിച്ചാണ് കേരളത്തിലെ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കിറ്റെക്‌സ് തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ വിവിധ വകുപ്പുകളുടെതായി 11 പരിശോധനകളാണ് കിറ്റെക്‌സില്‍ നടന്നതെന്ന് തീരുമാനം പ്രഖ്യാപിച്ച് സാബു ജേക്കബ് പറഞ്ഞിരുന്നു.
ആഗോള നിക്ഷേപക സംഗമത്തില്‍ ഒപ്പുവെച്ച 35000 പേര്‍ക്ക് തൊഴിലവസരമുളള 3500 കോടിയുടെ കരാറില്‍ നിന്നാണ് പിന്മാറാന്‍ കിറ്റെക്‌സ് തീരുമാനിച്ചത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന തിരച്ചറിവിലാണ് തീരുമാനമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്നും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകളോ ഫലപ്രദമായ മറ്റ് ഇടപെടലുകളോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.