കൊല്ലം: പെരുമണ്‍ തീവണ്ടീ ദുരന്തം നടന്നിട്ട് ഇന്നേക്ക് 33 വര്‍ഷം. ബെംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലില്‍ പതിച്ചുണ്ടായ വന്‍ ദുരന്തത്തില്‍ 105 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തം നടന്ന മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും അപകട കാരണം ഇന്നും ചോദ്യചിഹ്നമാണ്.
1988 ജൂലൈ 8നാണ് കേരളത്തെ ഞെട്ടിച്ച ആ ദുരന്തം നടന്നത്. കന്യാകുമാരി ലക്ഷ്യമാക്കി പാഞ്ഞ ആ തീവണ്ടി പെരുമണ്‍ പാലം കടക്കും മുമ്പ് അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 14 ബോഗികളാണ് കായലില്‍ പതിച്ചത്.
നഷ്ടമായത് പിഞ്ചു കുട്ടികളടക്കം 105 ജീവനുകള്‍. ഇരുനൂറിലധികം പേര്‍ പരുക്കുകളോടെ ജീവിതത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിടെ മരണത്തെ മുഖാമുഖം കണ്ടവരും നിരവധി.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നായിരുന്നു റെയില്‍വേയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ടൊര്‍ണാഡോ എന്ന കരിംചുഴലിയാണ് ദുരന്തകാരണമെന്നാണ് റെയില്‍വേയിലെ സേഫ്റ്റി കമ്മീഷണര്‍ ആയിരുന്ന സൂര്യനാരായണന്റെ കണ്ടെത്തല്‍.
പക്ഷെ ചുഴലിക്കാറ്റെന്ന വാദം പ്രദേശവാസികള്‍ തള്ളി. പാളത്തില്‍ ജോലികള്‍ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങളും അക്കാലത്ത് ശക്തമായിരുന്നു.
പുനരന്വേഷണം നടന്നെങ്കിലും ചുഴലിക്കാറ്റ് തന്നെയാണ് വില്ലനെന്നു തന്നെയായിരുന്നു കണ്ടെത്തല്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് മുറവിളി ഉയര്‍ന്നെങ്കിലും ഒന്നും നടന്നില്ല.