തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിന് പിന്നാലെ കടുത്ത നീക്കങ്ങളുമായി സാബു ജേക്കബ്, കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോവുകയാണ്. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം കിറ്റെക്‌സ് സ്വീകരിച്ച് കഴിഞ്ഞു.
കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ ഹൈദരാബാദിലെത്തും. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടും തൃപ്തിയില്ലെന്ന നിലപാടിലാണ് സാബു ജേക്കബ്.
നിക്ഷേപത്തിനായി നിരവധി സംസ്ഥാനങ്ങള്‍ സാബു ജേക്കബിനെ സമീപിച്ചിരുന്നു. അതേസമയം കിറ്റെക്‌സ് സംഘത്തെ എത്തിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ജെറ്റ് വിമാനം അയക്കുന്നുണ്ട്. കിറ്റെക്‌സ് സംഘം കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലെത്തുന്നത് ഈ വിമാനത്തിലാണ്.
നിക്ഷേപത്തിനായി എല്ലാ സൗകര്യവും തെലങ്കാന സര്‍ക്കാര്‍ കിറ്റെക്‌സിനായി നല്‍കും. കേരളത്തില്‍ രാഷ്ട്രീയ കളിച്ച് സ്ഥാപനങ്ങള്‍ക്കെതിരെ അനാവശ്യ നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നുവെന്നായിരുന്നു സാബു ജേക്കബിന്റെ വാദം.
സംഭവത്തില്‍ കിറ്റെക്‌സിനെ അനുനയിപ്പിക്കാന്‍ വ്യവസായ മന്ത്രി പി രാജീവ് അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ സംഘത്തെയും ഇതിനായി അയച്ചിരുന്നു. എന്നാല്‍ മറ്റ് നീക്കങ്ങളുമായി കിറ്റെക്‌സ് മുന്നോട്ട് പോവുകയായിരുന്നു.
സാബു ജേക്കബിന്റെ പരാമര്‍ശങ്ങള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് നേരത്തെ രാജീവ് പറഞ്ഞിരുന്നു. അതേസമയം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവും ഉന്നത ഉദ്യോഗസ്ഥരും സാബു ജേക്കബിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഫോണ്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ജെറ്റ് വിമാനം അയക്കാന്‍ തീരുമാനിച്ചത്. ഒമ്പതോളം സംസ്ഥാനങ്ങള്‍ കിറ്റെക്‌സിനെ നിക്ഷേപം നടത്താനായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം കിറ്റെക്‌സിലെ നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
കമ്പനിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പിടി തോമസ്, ടിജെ വിനോദ്, എല്‍ദോസ് കുന്നപ്പിള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് കത്ത് നല്‍കിയത്. 6 നിയമലംഘനങ്ങള്‍ ഇതില്‍ പറയുന്നത്.