തിരുവനന്തപുരം: മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരും മറച്ചുവെയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ വിവരം അറിയിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്‌ഒപി രൂപീകരിച്ച് നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മങ്കിപോക്‌സ് പരിശോധന സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്‌സിന്റെ കാര്യത്തില്‍ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന നില ഉണ്ടാകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്