തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ശ്രീജയെ നേരിട്ട് വിളിച്ചത്.
അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് മാതൃകാപരമായി ക്വാറന്റീനില്‍ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.
സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. ഈ കോവിഡ് കാലത്ത് നമ്മളറിയാത്ത ഓരോ കഥകള്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകനും പറയാനുണ്ടാകും. അവരുടെ ആത്മാര്‍ഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കരുത്തെന്നും മന്ത്രി വ്യക്തമാക്കി.
നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ചിറ്റിശേരി ഇഞ്ചോടി വീട്ടില്‍ ശ്രീജ പ്രമോദ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.
കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കണമെന്നു ശ്രീജയ്ക്കു മനസ്സിലായി. കോവിഡ് സാധ്യത തല്‍ക്കാലം മറന്നു ശ്വാസം നല്‍കി.
ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
ആശുപത്രിയിലെത്തിച്ചപ്പോള്‍ ആ ശ്വാസമാണു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, നെഞ്ചു പിടച്ച നിമിഷങ്ങള്‍ക്കൊടുവില്‍ എല്ലാവര്‍ക്കും ആ‘ശ്വാസം’.
2 ദിവസത്തെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് അവളുടെ കളിചിരികളിലേക്കു മാറിയെങ്കിലും കോവിഡ് ചികിത്സയിലാണ്. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്റീനിലാണ്.