കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. 138.95 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് ക്രമീകരിക്കാന്‍ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ജലം ഇടുക്കിയിലേക്ക് ഒഴുക്കാന്‍ തുറന്ന ആറ് സ്പില്‍വേ ഷട്ടറുകളില്‍ അഞ്ച് എണ്ണവും കഴിഞ്ഞ ദിവസം അടച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചത്. ഇതോടെ ഇടുക്കിയിലേക്ക് സെക്കന്റില്‍ 158 ഘന അടി ജലം മാത്രമാണ് ഒഴുക്കി വിടുന്നത്.
മഴയുടെ ശക്തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകള്‍ അടക്കാന്‍ കാരണമെന്നാണ് തമിഴ്‌നാട് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിയോഗിച്ച ഉപസമിതി ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു.
ചെയര്‍മാന്‍ ശരവണ കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഹരികുമാര്‍, പ്രസീദ്, സാം ഇര്‍വിന്‍, കുമാര്‍ എന്നിവരാണ് അണക്കെട്ട് സന്ദര്‍ശിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേയില്‍ നിന്നും ജലം ഒഴുക്കുന്ന വി-3 ഷട്ടര്‍ എന്നിവ ഉപസമിതി നിരീക്ഷിച്ചിരുന്നു.