കോഴിക്കോട്: ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഒറിജിനല്‍ പാസ്‌പോര്‍ട്ട് കിട്ടിയ സംഭവം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കവറില്‍ പാസ്‌പോര്‍ട്ട് പെട്ടതെങ്ങനെയെന്ന് കൗതുകം ഉണര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരവും ലഭിച്ചിരിയ്ക്കുകയാണ്.
തൃശൂര്‍ കുന്നംകുളം സ്വദേശിയായ പതിനേഴുകാരന്റേതായിരുന്നു പാസ്‌പോര്‍ട്ട്. കുട്ടിയുടെ പിതാവ് നേരത്തെ ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ അത് ചെറുതായതിനാല്‍ കവര്‍ ആമസോണിലേക്ക് മടക്കി അയച്ചു. പക്ഷേ കവര്‍ മടക്കി അയച്ചപ്പോള്‍ പാസ്‌പോര്‍ട്ടും അതിനകത്ത് പെടുകയായിരുന്നു. പിന്നീട് പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ആമസോണ്‍ അത് തന്നെ വീണ്ടും നല്‍കി.
ഒക്‌ടോബര്‍ 30നാണ് വയാനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബു ആമസോണില്‍ നിന്ന് പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്യുന്നത്. നവംബര്‍ 1ന് കവര്‍ കയ്യില്‍ കിട്ടി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പൗച്ചിനുള്ളില്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയത്. തൃശൂര്‍ കുന്നംകുളം സ്വദേശിയായ പതിനേഴുകാരന്റേതായിരുന്നു പാസ്‌പോര്‍ട്ട്.
തുടര്‍ന്ന് ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് മിഥുന്‍ കാര്യം പറഞ്ഞെങ്കിലും പാസ്‌പോര്‍ട്ട് എന്ത് ചെയ്യണമെന്ന് കമ്പനി മറുപടി നല്‍കിയില്ല. സുഹൃത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് മിഥുന്‍ പാസ്‌പോര്‍ട്ട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഒപ്പം പതിനേഴുകാരന്റെ കുടുംബത്തേയും വിവരം അറിയിച്ചു.
കവര്‍ തിരികെ നല്‍കുമ്പോള്‍ പാസ്‌പോര്‍ട്ട് അതില്‍ നിന്ന് എടുക്കാന്‍ മറന്നു പോയതാണെന്ന് പതിനേഴുകാരന്റെ മാതാവ് അസ്മാബി പറഞ്ഞു. അവകാശം തെളിയിക്കുന്ന രേഖയുമായി മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ പതിനേഴുകാരന് പാസ്‌പോര്‍ട്ട് തിരികെ ലഭിക്കും.