ന്യൂഡല്‍ഹി: പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍ കേസ് ലോക്സഭയിലും ചര്‍ച്ചയയായി. മോണ്‍സണ്‍ മാവുങ്കല്‍ പുരാവസ്തു വില്‍പ്പന നടത്താനുള്ള രജിസ്റ്റേര്‍ഡ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിയാണെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയില്‍ ആണ് പരാമര്‍ശം.പുരാവസ്തുക്കള്‍ വില്‍ക്കാന്‍ രജിസ്റ്റേര്‍ഡ് ലൈസന്‍സ് പോലും ഇല്ലാത്ത വ്യക്തിയാണ് മോന്‍സണ്‍.
1972 ലെ പുരാവസ്തുക്കള്‍, പുരാവസ്തു നിധികള്‍ സംബന്ധിച്ച് നിയമപ്രകാരം നല്‍കുന്ന അംഗീകൃത ലൈസന്‍സ് ഉള്ള വ്യക്തികള്‍ക്ക് മാത്രമേ പുരാവസ്തു വ്യാപാരം നടത്താനാകൂ. എന്നാല്‍ മോന്‍സണ്‍ മാവുങ്കലിന് അത്തരം ലൈസന്‍സ് ഇല്ലെന്ന് കേന്ദ്ര മന്ത്രി മറുപടിയില്‍ വിശദീകരിച്ചു.
എറണാകുളം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് യൂണിറ്റ് രണ്ടിന്റെ ആവശ്യപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തൃശൂര്‍ സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ പരിശോധന നടത്തി.
മോന്‍സണില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കള്‍ നിലവില്‍ കേരള പോലീസിന്റെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ആണെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കി. അതേസമയം മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇടപെടല്‍ പരിധി വിടുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശിച്ചു.