കൊച്ചി: വംഗനാടിന്റെ സാംസ്‌കാരികപൈതൃകവും കലാപെരുമയും വിളിച്ചോതിയ നൃത്ത, സംഗീത, നാട്യരൂപങ്ങളും സമ്മേളിച്ച ബംഗാളി കലോത്സവത്തിന് തനതുകലാരൂപങ്ങളുടെ കാഴ്ചവിരുന്നോടെ സമാപനം. പക്ഷിമൃഗാദികളെ അനുകരിച്ചുള്ള ദ്രുതചലനങ്ങളും തലപ്പാവുകളും മുഖംമൂടികളുമായി അരങ്ങുതകര്‍ത്ത ഗോത്ര വിഭാഗത്തിന്റെ ‘ചൗ’ ചടുലനൃത്തമായിരുന്നു മൂന്നുനാള്‍ നീണ്ട കലോത്സവത്തിലെ അവസാനയിനം.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ഈസ്‌റ്റേണ്‍ സോണ്‍ കല്‍ച്ചറല്‍ സെന്റര്‍ എന്നിവ സംയുക്തമായി കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുമായി സഹകരിച്ചു കൊച്ചി ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടത്തിയ കലോത്സവം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി.ആനന്ദബോസ് ആണ് ഉദ്ഘാടനം ചെയ്തത്.
ബംഗാള്‍ ഗവര്‍ണറായി ഡോ സി.വി ആനന്ദബോസ് ചുമതലയേറ്റതിന്റെ രണ്ടാം വാര്‍ഷികവേളയില്‍ രൂപംനല്‍കിയ ‘അപ്നാ ഭാരത് ജഗ്ദ ബംഗാള്‍’ എന്ന ജനകീയ ദൗത്യത്തിന്റെ ഭാഗം കൂടിയാണിത്.ബംഗാളിലെ പുരാതന വാദ്യോപകരണങ്ങളുടെ വാദനം, രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ നാല് നൃത്താധിഷ്ഠിത നാടകങ്ങള്‍, പ്രശസ്തമായ ‘ബാവുള്‍ ഗാനങ്ങള്‍’, ‘ഷെഹ്നായി’, ദുര്‍ഗാപൂജ ഉത്സവത്തിന്റെ അവിഭാജ്യഘടകമായ ‘ധക്’, പുരാണകഥകള്‍ കോര്‍ത്തിണക്കിയുള്ള ‘പുരാതനി സംഗീതം’, പുരുലിയ ജില്ലയില്‍ രൂപംകൊണ്ട അത്യന്തം വര്‍ണാഭവും ചടുലവുമായ ‘പുരുലിയ ഛൗ നൃത്തരൂപം’, പുരാതന തനതു നൃത്തരൂപമായ ‘ഗൗഡിയ നൃത്യ’, ബംഗാളിന്റെ നാടോടി സംസ്‌കാരത്തിന്റെ ഭാഗമായ ‘ശ്യാമസംഗീതം’, എന്നിങ്ങനെ തനതുകലകളും കളികളും കോര്‍ത്തിണക്കി അവതരിപ്പിച്ച കലാവിരുന്ന് എന്നിവ സംഘടിപ്പിച്ചിരുന്നു
രവീന്ദ്രനാഥ ടാഗോര്‍, കാസി നസ്‌റുല്‍ ഇസ്ലാം, ദ്വിജേന്ദ്രലാല്‍ റോയ്, രജനികാന്ത സെന്‍, അതുല്‍ പ്രസാദ് സെന്‍ പഞ്ചകവികളുടെ പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പഞ്ചകബീര്‍ ഗാനമാലയായിരുന്നു ബാംഗാളികലോത്സവത്തിലെ മറ്റൊരു പ്രമുഖ്യയിനം.
ബംഗാളിലെ പ്രശസ്ത കവിയും ചെറുകഥാകൃത്തുമായ ഡോ. തമാല്‍ ലാഹ, കവി റിനാ ഗിരി, കഥാകൃത്ത് ജയന്ത ഡേ, മലയാളത്തിലെ എഴുത്തുകാരായ ഡോ എം.ജി ശശിഭൂഷണ്‍, ആലംകോട് ലീലാകൃഷ്ണന്‍, പായിപ്ര രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത സാഹിത്യ ചര്‍ച്ചയും ഇതിന്റെ ഭാഗമായി നടന്നു.
സമാപനച്ചടങ്ങില്‍ കേരള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് ജി.ഗോപിനാഥന്‍ നന്ദി പറഞ്ഞു