കൊച്ചി: അഭിനേതാക്കാളും നര്‍ത്തകരുമായ സൗഭാഗ്യ വെങ്കിടേഷ്-അര്‍ജുന്‍ സോമശേഖര്‍ ദമ്പതികള്‍ക്ക് ഇക്കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ തങ്ങളുടെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നേരത്തെ വളക്കാപ്പ് ചടങ്ങും കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദര്‍ശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ അമൂല്യമായ ചിത്രം പങ്കുവച്ച് ആരാധകരെ വിസ്മയിപ്പിച്ചിരിക്കയാണ് സൗഭാഗ്യ. സൗഭാഗ്യയും അമ്മ താരാ കല്യാണും അവരുടെ അമ്മ സുബ്ബലക്ഷ്മിയും ഭര്‍ത്താവ് അര്‍ജുന്റെ അമ്മയും കുഞ്ഞുവാവയുമൊന്നിച്ചുള്ള ഒരു മനോഹരമായ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. നാല് തലമുറ ഒന്നിച്ചു ചേരുന്ന ആ അപൂര്‍വചിത്രത്തിന് ലൈകുകളും കമന്റുകളുമായി ആരാധകരും എത്തി.
”ഇത് അമൂല്യമായ ചിത്രമല്ലേ? ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാന്‍ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ഏകദേശം നാലു വര്‍ഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭര്‍ത്താവിന് ഈ വര്‍ഷം പപ്പയെ നഷ്ടപ്പെട്ടു. ദൈവം എല്ലായ്‌പ്പോഴും എല്ലാ സൗഭാഗ്യങ്ങളും തരണമെന്നില്ല, പക്ഷേ അവള്‍ക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നല്‍കി…” എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.
അര്‍ജുനും കുഞ്ഞിനുമൊപ്പമുള്ള ഒരു കുഞ്ഞു വിഡിയോയും സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കംഗാരു കെയറിങ് ചെയ്യുന്ന മറ്റൊരു ചിത്രം പങ്കുവച്ച് കംഗാരു കെയറിങ്ങിന്റെ ഗുണങ്ങളെ കുറിച്ചും സൗഭാഗ്യ കുറിച്ചു. സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണാണ് സൗഭാഗ്യയ്ക്ക് കുഞ്ഞുണ്ടായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. അച്ഛനായ വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അര്‍ജുനും പങ്കുവച്ചിരുന്നു. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോടോയും അര്‍ജുന്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു.
മകള്‍കൊപ്പമുള്ള ആദ്യ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത് ഇങ്ങനെയാണ്: ”നിങ്ങളുടെ ആത്മാര്‍ഥമായ സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. ഭാവിയിലും ഞങ്ങള്‍ക്ക് ഇത് ആവശ്യമാണ്. ഇവള്‍ സുദര്‍ശന അര്‍ജുന്‍ ശേഖര്‍…” മകള്‍കൊപ്പം ആശുപത്രി കിടക്കയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചതിങ്ങനെ. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്നത്.