കൊച്ചി: തിരുവനന്തപുരം പോത്തന്‍കോട്ടെ കൊലപാതകത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് തിരുവനനന്തപുരം പോത്തന്‍കോട്ട് നടന്ന കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇതരസംസ്ഥാനക്കാര്‍ക്ക് ഇവിടെ ജോലിയുണ്ടെന്നും എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാല്‍ പറഞ്ഞു.
അതിനിടെ, പോത്തന്‍കോട് സുധീഷ് വധക്കേസില്‍ അഞ്ചുപേരെ കൂടി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. സച്ചിന്‍, സൂരജ്, അരുണ്‍, ജിഷ്ണു, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ആകെ 11 പേരാണ് കൊലക്കേസില്‍ പ്രതികളായിട്ടുള്ളതെന്ന് ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗരുഡിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെല്ലാം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണ്. ഇതില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കി മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പ്രതികളുടെ ലഹരിമാഫിയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, ശ്യാംകുമാര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നത്.