തിരുവനന്തപുരം: കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.
കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ കണ്ണൂരില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന അംഗം പി ജയരാജന്‍ ഇപിക്കെതിരെ ഉന്നയിച്ച ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് ഉചിത നടപടിയെടുക്കുമെന്നായിരുന്നു അനൗദ്യോഗികമായി കേന്ദ്ര നേതാക്കള്‍ പറഞ്ഞത്.
സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ഇപി ജയരാജനില്‍നിന്നു മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മറുപടിയുണ്ടായില്ല.