ഇപ്പോൾ ജമ്മു ഐഐടിയിലേക്ക് കടന്നു ചെല്ലുമ്പോൾ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റൻ ഉരുക്കു പക്ഷിയാണ്. 600 കിലോ ഭാരമുള്ള ശിൽപം. രാജ്യാന്തര പ്രശസ്തനായ തിരുവനന്തപുരം സ്വദേശി ശിൽപി സുമേധ് രാജേന്ദ്രനാണ് ഇത് നിർമിച്ചത് .ഡിസയർ വിംഗ്‌സ് (Desire Wings) എന്ന് പേരിൽ 2023 ലെ ഔട്ട്‌ഗോയിംഗ് ബാച്ചിനു വേണ്ടിയാണ് ശിൽപം സമർപ്പിച്ചിരിക്കുന്നത്
സ്വാതന്ത്ര്യവും ഭാവനയും ചിത്രീകരിക്കുന്ന ശിൽപം ഇതിനോടകം കാണികളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ആദ്യം ഞാൻ ഈ സ്ഥലം സന്ദർശിച്ചു.അപ്പോൾ ലാൻഡ്‌സ്‌കേപ്പ് അനുസരിച്ച് ഏതു തരം ശിൽപം നിർമിക്കാമെന്ന് ചിന്തിച്ചു. ഒരു പക്ഷിയുടെ രൂപത്തിലുള്ള ശിൽപമാണ് ഇവിടുത്തെ ലാൻഡ്‌സ്‌കേപ്പിന് അനുയോജ്യം എന്ന് തീരുമാനിച്ചു,” ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമേധ് പറഞ്ഞു.
പലതിന്റെയും പ്രതീകമാണ് പക്ഷി. അതിരുകൾ ഭേദിച്ച് പറന്നുയരുന്നതിന്റെ പ്രതീകം. ഭാവനയുടെയും വിശ്വാസത്തിന്റെയും പ്രതികരണശേഷിയുടെയുമൊക്കെ അടയാളം. ഭൂമിശാസ്ത്രപരവും ഭാഷാപരവുമായി അതിരുകൾ ഭേദിച്ച് പറന്നുയരാൻ മനുഷ്യ ഭാവനയ്ക്കാകും എന്നും പക്ഷി സൂചിപ്പിക്കുന്നു.

പക്ഷിയുടെ ചിറകുകൾ ചെറുതാണ്. എന്നാൽ അത് അനേകം മൈലുകൾ താണ്ടുന്നു. പക്ഷി ഒരേ സമയം ദൃശ്യവും അദൃശ്യവുമായ പ്രദേശങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന നിരവധി അതിരുകൾ ഉണ്ട്. ഭൂമിശാസ്ത്രപരവും സാമൂഹികവും രാഷ്ട്രീയപരവും ഭാഷാപരവുമായ വേർതിരിവുകൾ.എന്നാൽ പക്ഷികളെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒന്നുമില്ല.
ഇത് ആദ്യമായല്ല എന്റെ ഒരു കലാസൃഷ്ടിക്ക് പക്ഷി വിഷയമാകുന്നത്. ആളുകൾക്ക് പക്ഷികളുടെ രൂപത്തോട് വേഗം അടുപ്പം തോന്നും. അതുകൊണ്ടു തന്നെയാണ് എന്റെ പല സൃഷ്ടികളിലും ഒരു പ്രതീകമായി പക്ഷി പ്രത്യക്ഷപ്പെടുന്നത്.
ഗാലറികളിൽ വെയ്ക്കാനും പ്രദർശനങ്ങൾക്കുമൊക്കെയാണ് എന്റെ കലാസൃഷ്ടികൾ ഏറെയും ഒരുക്കാറുള്ളത്. തിരുവനന്തപുരത്തെ ടെക്‌നോ പാർക്കിലും ഡൽഹിയിലെ എയർപോർട്ട് മെട്രോയിലും വിവിധ പ്രോജക്‌ടുകളുടെ ഭാഗമായിട്ടുള്ള സുമേധ് പറയുന്നു
ഈ സൃഷ്ടിയെ വെതർ വിങ്ങ്സ് (Weather Wings) എന്നു കൂടി വിളിക്കാനാണ് എനിക്ക് താത്പര്യം. ഒരു തരം കാലാവസ്ഥാ മാറ്റമാണ് അങ്ങനെ വിശേഷിപ്പിക്കുന്നതിലൂടെ ഞാൻ ഉദ്ദേശിക്കുന്നതെന്ന്. അത്തരം മാറ്റങ്ങൾ സാമൂഹികമോ പരിസ്ഥിതിപരമോ രാഷ്ട്രീയപരമോ ആകാം.സ്റ്റീൽ കൊണ്ടാണ് ശിൽപം നിർമിച്ചിരിക്കുന്നത്, പക്ഷേ കളർ കോട്ടിംഗ് നൽകിയിട്ടുള്ളതിനാൽ അത് എളുപ്പം മനസിലാകില്ല. ഏകദേശം 600 കിലോ ഭാരമുള്ള ശിൽപത്തിന് 14 അടി നീളവും അഞ്ച് അടി ഉയരവുമുണ്ട്. അഞ്ച് അടി ഉയരത്തിലുള്ള പീഠത്തിൻ മേലാണ് ശിൽപം സ്ഥാപിച്ചിരിക്കുന്നത്.
കലാസൃഷ്ടിയിൽ സൃഷ്ടാവ് ഉദ്ദേശിച്ച അർത്ഥമായിരിക്കില്ല ആസ്വാദകരുടെ വായനയിൽ തെളിയുന്നത്. പൊതുവിടങ്ങളിലെ ഇത്തരം കലാസൃഷ്ടികൾ ഒരു തുറന്ന പുസ്തകമാണ്. അത് അങ്ങനെ തന്നെ ആയിരിക്കണം. ഒരാളുടെ ഭാവനയ്ക്കും ചിന്തക്കും അനുസരിച്ച് അതിന് പല വ്യാഖ്യാനങ്ങൾ ഉണ്ടാകും. അതാണ് കലയുടെ സാധ്യതയും ഭംഗിയും’, സുമേധ് പറഞ്ഞു. സുമേധിന്റെ ഡൽഹിയിലെ സ്റ്റുഡിയോയിൽ രണ്ട് മാസമെടുത്ത് നിർമിച്ച ശിൽപം ജമ്മുവിൽ എത്തിക്കുകയായിരുന്നു.