രാജ്യത്ത് 5ജി ട്രയലുകള്‍ തുടങ്ങാന്‍ ടെലികോം വകുപ്പ് സേവനദാതാക്കള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചു. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡ്, 3.3-3.6 ജിഗാഹെര്‍ട്‌സ് (ജിഎച്ച്എസ്) ബാന്‍ഡ്, 24.25-28.5 ജിഗാഹെര്‍ട്‌സ് ബാന്‍ഡ് എന്നിവയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌പെക്ട്രം അനുവദിച്ചിട്ടുണ്ടെന്ന് ടെലികോം കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ട്രയല്‍ നടത്താന്‍ സാധ്യതയുണ്ട്. ഓരോ ടെലികോം സേവനദാതാവും നഗരങ്ങള്‍ക്ക് പുറമേ ഗ്രാമീണ, അര്‍ദ്ധ-നഗരങ്ങളില്‍ ട്രയല്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ 5ജി സാങ്കേതികവിദ്യയുടെ പ്രയോജനം രാജ്യത്തുടനീളം ലഭിക്കുമെന്നും നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുകയില്ലെന്നും ടെലികോം വകുപ്പ് അധികൃതര്‍ അറിയിച്ചു.
മേയ് നാലിനാണ് ചൈനീസ് കമ്പനികളില്‍ നിന്നുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാതെ 5ജി ട്രയലുകള്‍ നടത്തുന്നതിന് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, എംടിഎന്‍എല്‍ എന്നിവരില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് ഡോട്ട് അംഗീകാരം നല്‍കിയത്.
സാങ്കേതിക വിദ്യകള്‍ മറ്റു രാജ്യങ്ങളില്‍ നിന്നു കടംകൊള്ളുന്നവ മാത്രമാകാതെ ഇന്ത്യയുടെ കണ്ടെത്തലുകള്‍ ഈ രംഗത്തു സമര്‍പ്പിക്കുക. 5ജി വെറുമൊരു മൊബൈല്‍ ടെക്‌നോളജി മാത്രമല്ല. വലിയ മടങ്ങ് ഡേറ്റ അതിവേഗത്തില്‍ കൈമാറാം എന്നതിനൊപ്പം തന്നെ മറ്റു സാധ്യതകളും ഇതു തുറന്നിടും.
ഉദാഹരണത്തിനു കാര്‍ഷിക രംഗത്തുള്ളവര്‍ക്കു കാലാവസ്ഥാ പ്രവചനങ്ങളും മറ്റും ഏറ്റവും കൃത്യമായ രീതിയില്‍ വിഡിയോദൃശ്യ രൂപത്തില്‍ ലഭിച്ചാല്‍ അതു ഏറെ മാറ്റങ്ങള്‍ക്ക് ഉപകരിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുന്നതിനും ഇതിന്റെ സഹായങ്ങള്‍ പ്രയോജനപ്പെടുത്താം. 5ജി സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ വിവിധ കമ്പനികള്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
5ജി വരുന്നതോടെ ടെക്‌നോളജിയുടെ അടിസ്ഥാനം ഇതായി മാറും. ഡേറ്റ കൈമാറ്റവും ഇന്റര്‍നെറ്റ് കമ്യൂണിക്കേഷനുമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടു തന്നെ 5ജി ഒരു കോര്‍ ടെക്‌നോളജിയായി മാറുമെന്നതില്‍ സംശയമില്ല.
ഡിജിറ്റല്‍ ഇന്ത്യ, ഭാരത് നെറ്റ് എന്നീ പദ്ധതികളിലൂടെ ഗ്രാമപ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ജിയോ വന്നതോടെ ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ക്കും ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യേണ്ടി വന്നു. അതുകൊണ്ടു പല സ്ഥലങ്ങളിലും 2ജിക്കു ശേഷം 3ജി ഒഴിവാക്കി 4ജി ലഭ്യമാക്കുന്നു. ഇതെല്ലാം 5ജി ഇന്ത്യയില്‍ നടപ്പാക്കാനുള്ള വേഗം വര്‍ധിപ്പിക്കും.