കടലിനടിയിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുന്ന യുഎഫ്ഒ (പറക്കുംതളിക) പോലുളള വിചിത്ര വസ്തുക്കളുടെ സാന്നിധ്യം യുഎസ് നാവികസേനയിലെ മുങ്ങിക്കപ്പലുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ആകാശത്ത് മാത്രമല്ല കടലിലും അജ്ഞാതവസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് വിപുലമായ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഇത് തെളിയിക്കുന്നത്. അമേരിക്കയുടെ അണ്‍ഐഡന്റിഫൈയ്ഡ് ഏരിയല്‍ ഫിനോമിന ടാസ്ക്ഫോഴ്സിന്റെ (യുഎപിടി) അന്വേഷണ പരിധിയില്‍ ഇത്തരം സമുദ്ര സാന്നിധ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
മാധ്യമപ്രവര്‍ത്തകരായ ടോം റോജനും (വാഷിങ്ടണ്‍ എക്സാമിനര്‍) ടക്കര്‍ കാള്‍സനും (ഫോക്സ് ന്യൂസ്) തമ്മിലുള്ള സംസാരത്തിനിടെയായിരുന്നു ആ വെളിപ്പെടുത്തലുണ്ടായത്. കടലിനടിയിലൂടെ നൂറു കണക്കിന് നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന അജ്ഞാത വസ്തുക്കളെക്കുറിച്ചുള്ള തെളിവുകളുണ്ടെന്ന് ടോം റോജനായിരുന്നു പറഞ്ഞത്. അമേരിക്കന്‍ നാവികസേനയിലെ മുങ്ങിക്കപ്പലുകള്‍ക്ക് തന്നെ ഇതേക്കുറിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അമേരിക്കന്‍ ഡോക്യുമെന്ററി സംവിധായകന്‍ ജെറമി കോര്‍ബെല്‍ അടുത്തിടെ ചില യുഎഫ്ഒ ചിത്രങ്ങളും വിഡിയോകളും ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. അജ്ഞാതവസ്തു സമുദ്രത്തിനു മുകളില്‍ നില്‍ക്കുന്നതും പിന്നീട് സമുദ്രത്തിലേക്ക് പതിക്കുന്നതുമായ ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. 2019 ജൂലൈയില്‍ യുഎസ് നാവികസേന സാന്റിയാഗോ തീരത്തു നിന്നും പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങളെന്നും ജെറമി അവകാശപ്പെട്ടിരുന്നു. ഇവയെക്കുറിച്ച് യുഎപിടി വിശദമായ അന്വേഷണം അരംഭിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് തന്നെ പിന്നീട് അറിയിക്കുകയുണ്ടായി.
‘നമുക്ക് ഇന്നുവരെ അജ്ഞാതമായ ഒന്നിനെയാണ് ഇപ്പോള്‍ തേടുന്നത്. അത് അമേരിക്ക, ചൈന, റഷ്യ തുടങ്ങി പ്രതിരോധ ശാസ്ത്രത്തില്‍ ഏറെ മുന്നിലുള്ള രാജ്യങ്ങളുടെ രഹസ്യായുധം പോലുമാവാം’ എന്നാണ് മാധ്യമപ്രവര്‍ത്തകനായ ടോം റോജന്‍ പറഞ്ഞത്.
ഇത്തരം അജ്ഞാത വസ്തുക്കളുടെ വേഗത്തെക്കുറിച്ചായിരുന്നു ഫോക്സ് ന്യൂസിന്റെ കാള്‍സണ്‍ സംശയം ഉന്നയിച്ചത്. അപ്പോഴായിരുന്നു അമേരിക്കന്‍ നാവികസേനയുടെ പക്കല്‍ ഇത്തരം വസ്തുക്കളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന വിവരങ്ങളുടെ ശേഖരമുണ്ടെന്ന് റോജന്‍ പറഞ്ഞത്.
അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം സമ്മതിക്കുന്നത് താല്‍പര്യമില്ലാത്തതിനാല്‍ ഇത് പലപ്പോഴും സാങ്കേതിക പിഴവോ യന്ത്ര തകരാറോ ഒക്കെയായാണ് അധികൃതര്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ജെറമി കോര്‍ബല്‍ പുറത്തുവിട്ട ദൃശ്യങ്ങളെക്കുറിച്ച് നടക്കുന്ന അന്വേഷണങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുമെന്നാണ് പ്രതീക്ഷ.