Wednesday, October 9, 2024

HomeAutomobileകേരളത്തിലേക്കും ഹൈഡ്രജന്‍ വാഹനങ്ങള്‍ എത്തുന്നു; പുറന്തള്ളുന്നത് ചൂടും വെള്ളവും മാത്രം

കേരളത്തിലേക്കും ഹൈഡ്രജന്‍ വാഹനങ്ങള്‍ എത്തുന്നു; പുറന്തള്ളുന്നത് ചൂടും വെള്ളവും മാത്രം

spot_img
spot_img

ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജന്‍. കഴിഞ്ഞ 10 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകള്‍ നിരത്തുകളിലുണ്ട്. കേരളത്തിലും അധികം വൈകാതെ ഹൈഡ്രജന്‍ ബസുകള്‍ എത്തിയേക്കും. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഇതേക്കുറിച്ചു പ്രഖ്യാപനമുണ്ടായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെയും (സിയാല്‍) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും സഹകരണത്തോടെ കെഎസ്ആര്‍ടിസി 10 ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

ഇതിനായി സര്‍ക്കാര്‍ 10 കോടി രൂപ ധനസഹായം നല്‍കുമെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളതാപനമെന്ന വലിയ വിപത്തിനും അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമൊക്കെ കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നമ്മുടെ നിരത്തുകളിലെത്തുമെങ്കില്‍ അതൊരു വിപ്ലവമായി മാറും.

ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കേരളം പദ്ധതിയിട്ടിട്ട് രണ്ടു വര്‍ഷമായി. 2021 പകുതിയോടെ എറണാകുളം തിരുവനന്തപുരം റൂട്ടില്‍ 2 ഹൈഡ്രജന്‍ ബസുകള്‍ ഓടിക്കാനായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തന്നെ പദ്ധതി തയാറാക്കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറോടെ 50 ബസുകള്‍ നിരത്തിലിറക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ ബസുകള്‍ ഓടിച്ച് സാധ്യതാപഠനം നടത്തി ഓരോ മാസവും റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഗവേഷക സംഘത്തെയും ചുമതലപ്പെടുത്തി. അനേര്‍ട്ട്, കെഎസ്ഇബി, കേരള ഓട്ടമൊബീല്‍സ് എന്നിവയുടെ സഹകരണവും ഉണ്ടായിരുന്നു. എന്നാല്‍, പദ്ധതി നീണ്ടുപോവുകയാണ് ചെയ്തത്. ബസുകളൊന്നും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് അനുമതി ലഭിക്കാത്തതും ഉയര്‍ന്ന നിലവാരമുള്ള ഹൈഡ്രജന്റെ ലഭ്യതക്കുറവുമായിരുന്നു ഇതിനു കാരണം.

ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരമെന്തെന്ന ചോദ്യത്തിന് ശാസ്ത്രസാങ്കേതിക മേഖല ഉത്തരം തേടാന്‍ തുടങ്ങിയിട്ട് ഒട്ടേറെ കാലമായി. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളും മറ്റും ഇതിനു പരിഹാരമായി എത്തിയിട്ടുമുണ്ട്. എന്നാല്‍, ഹൈഡ്രജനോളം പോന്ന ഒരു പകരക്കാരന്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കില്ല. ലോകമെമ്പാടുമായി 400ഓളം ഹൈഡ്രജന്‍ ബസുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്.

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ നടക്കുന്ന ഇലക്ട്രോ കെമിക്കല്‍ രാസപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന വൈദ്യുതോര്‍ജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്. വൈദ്യുതോര്‍ജത്തില്‍ ഒരു ഭാഗം ബാറ്ററിയില്‍ ശേഖരിക്കുന്നു. ലോഡ് വര്‍ധിക്കുമ്പോള്‍ ഇവ ഉപയോഗിക്കും. ചൂടും വെള്ളവും മാത്രമാണ് ഇതിന്റെ ഉപോല്‍പന്നങ്ങളായി പുറത്തേക്കു വരുന്നത്.

2018ല്‍ മുംബൈയില്‍ ടാറ്റ മോട്ടോഴ്‌സും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്ന് ഹൈഡ്രജന്‍ ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ടിപിസി) ഡല്‍ഹി ജയ്പൂര്‍ റൂട്ടില്‍ ഹൈഡ്രജന്‍ ബസ് ഓടിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഇതു നടന്നിട്ടില്ല. എന്നാല്‍, കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തെ ഒട്ടേറെ സ്ഥാപനങ്ങളില്‍ ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അധികം വൈകാതെ ഹൈഡ്രജന്‍ ബസുകള്‍ ഇന്ത്യയില്‍ എത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments