എഐ (AI) ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഗാലക്സിയുടെ ഫോൾഡബിൾ സീരീസ് അടുത്ത മാസം സാംസംഗ് പുറത്തിറക്കുമെന്ന് റിപ്പോർട്ട്. പുതിയ മോഡലുകളുടെ കാര്യത്തിൽ സാംസംഗ് കൂടുതൽ വിശദീകരണങ്ങൾ ഒന്നും നൽകുന്നില്ലെങ്കിലും എഐ സാങ്കേതിക വിദ്യയുള്ള ഗാലക്സി ഇസഡ് ഫോൾഡ് സീരീസും, ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 ഉം സാംസംഗ് അവതരിപ്പിച്ചേക്കുമെന്ന് നിരീക്ഷകർ പറയുന്നു.
സമ്മർ ഒളിമ്പിക്സ് ആരംഭിക്കുന്നതിന് മുന്നോടിയായി ജൂലൈ 10 നാണ് “ഗാലക്സി അൺപാക്ക്ഡ്” എന്ന് പേരിട്ടിരിക്കുന്ന പരിപാടി സാംസംഗ് പാരീസിൽ സംഘടിപ്പിച്ചിരിക്കുന്നത്.
പുതിയ മോഡലുകൾക്കൊപ്പം സാംസംഗ് അതിന്റെ ആദ്യ ഗാലക്സി സ്മാർട്ട് റിംഗും, ഗാലക്സി വാച്ച് 7 സീരീസും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോൾഡബിൾ ഫോണുകളിലും ഗാലക്സി എഐ ഫീച്ചർ അവതരിപ്പിക്കുന്ന വിവരം ഈ മാസം ആദ്യമാണ് സാംസംഗ് പുറത്ത് വിട്ടത്. മറ്റ് തേർഡ് പാർട്ടി ആപ്പുകളിൽ ലൈവ് ട്രാൻസ്ലേഷൻ ഫീച്ചറും സാംസംഗ് ഉടൻ അവതരിപ്പിച്ചേക്കും. കൂടുതൽ ഭാഷകളിലേക്ക് എഐ സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സാംസംഗിന്റെ പോളണ്ട്, ചൈന, വിയറ്റ്നാം, ഇന്ത്യ എന്നിവിടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്.
ഇന്നത്തെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല നാളെയുടെ ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാംസംഗ് അധികൃതർ പറയുന്നു.