ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ പാന്തേഴ്സിനും ഈഗിൾസിനും വിജയം. പാന്തേഴ്സ് ടൈഗേഴ്സിനെ 52 റൺസിന് തോല്പിച്ചപ്പോൾ ലയൺസിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഈഗിൾസിൻ്റെ വിജയം. ലയൺസ് ഉയർത്തിയ 204 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം മറികടന്നാണ് ഈഗിൾസ് ടൂർണ്ണമെൻ്റിലെ ആദ്യ വിജയം സ്വന്തമാക്കിയത്.ടൈഗേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടൈഗേഴ്സ് 19 ഓവറിൽ 177 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഓപ്പണർ എസ് സുബിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് പാന്തേഴ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. തുടർച്ചയായ മൂന്നാം മല്സരത്തിലും ഉജ്ജ്വല പ്രകടനം കാഴ്ച വച്ച സുബിൻ 49 പന്തുകളിൽ ഏഴ് ഫോറും ഒൻപത് സിക്സുമടക്കം 101 റൺസാണ് നേടിയത്. സുബിനും 41 റൺസെടുത്ത വത്സൽ ഗോവിന്ദും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 140 റൺസ് പിറന്നു. 17 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 47 റൺസെടുത്ത അബ്ദുൾ ബാസിതും മൂന്ന് പന്തുകളിൽ 14 റൺസുമായി പുറത്താകാതെ നിന്ന മിഥുനുമെല്ലാം പാന്തേഴ്സ് ബാറ്റിങ് നിരയിൽ തിളങ്ങി. ടൈഗേഴ്സിന് വേണ്ടി ആൽബിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടൈഗേഴ്സിന് വേണ്ടി നീൽ സണ്ണിയും രോഹൻ നായരും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. നീൽ 38 പന്തുകളിൽ 54ഉം രോഹൻ 34 പന്തുകളിൽ 63ഉം റൺസെടുത്തു. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ അഖിൻ സത്താറാണ് പാന്തേഴ്സ് ബോളിങ് നിരയിൽ തിളങ്ങിയത്. അനുരാജ് മൂന്നും ഗോകുൽ ഗോപിനാഥ് ഒരു വിക്കറ്റും വീഴ്ത്തി.റണ്ണൊഴുകിയ രണ്ടാം മല്സരത്തിൽ സെഞ്ച്വറി നേടിയ ഗോവിന്ദ് പൈയുടെയും അർജുൻ എ കെയുടെയും ഉജ്ജ്വല ഇന്നിങ്സുകളാണ് ലയൺസിനെ മികച്ച സ്കോറിലെത്തിച്ചത്. ഗോവിന്ദ് പൈ 52 പന്തുകളിൽ നിന്ന് 103 റൺസ് നേടിയപ്പോൾ അർജുൻ 52 പന്തുകളിൽ നിന്ന് 69 റൺസെടുത്തു. ഒൻപത് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഗോവിന്ദ് പൈയുടെ ഇന്നിങ്സ്. ലയൺസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. ഈഗിൾസിന് വേണ്ടി വിജയ് വിശ്വനാഥ് മൂന്നും ഷൈൻ ജോൺ ജേക്കബ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിൾസിന് ആനന്ദ് കൃഷ്ണനും വിഷ്ണുരാജും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. ആനന്ദ് 36 പന്തുകളിൽ നിന്ന് 65 റൺസെടുത്തപ്പോൾ വിഷ്ണുരാജ് 12 പന്തുകളിൽ നിന്ന് 38 റൺസെടുത്തു. അക്ഷയ് മനോഹർ 37 റൺസും സിജോമോൻ ജോസഫ് 26 റൺസുമായി പുറത്താകാതെ നിന്നു. 30 റൺസെടുത്ത അനുജ് ജോട്ടിനും ഈഗിൾസിനായി തിളങ്ങി. നാല് പന്തുകൾ ബാക്കി നില്ക്കെ ഈഗിൾസ് ലക്ഷ്യത്തിലെത്തി. ലയൺസിന് വേണ്ടി ഷറഫുദ്ദീനും ആദർശും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ പാന്തേഴ്സിനും ഈഗിൾസിനും വിജയം
RELATED ARTICLES