സൂറിച്ച്: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ റാക്കറ്റ് ഉള്‍പ്പെടെയുള്ള ശേഖരം ലേലത്തിനെത്തുന്നു. റോജര്‍ ഫെഡറര്‍ ഫൗണ്ടേഷന്‍ ആഫ്രിക്കയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ഈ നീക്കം. ജൂണ്‍ 23 മുതല്‍ ജൂലൈ 11 വരെയാണ് ലേലം.
ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ ഉള്‍പ്പെടെ ഫെഡറര്‍ ഉപയോഗിച്ച റാക്കറ്റ്, ടീ ഷര്‍ട്ട്, ഷൂ ഉള്‍പ്പെടെയുള്ള കിറ്റാണ് ലേലത്തിനെത്തുക. 300ല്‍ അധികം ലോട്ടുകളിലായാണ് ലേലം നടക്കുക. 19-ാം വയസില്‍ ആദ്യമായി സിഡ്‌നി ഒളിമ്പിക്‌സില്‍ പങ്കെടുത്തപ്പോഴത്തെ ഓര്‍മകള്‍ ഉള്‍പ്പെടെ ലേലത്തിന് എത്തുന്നുണ്ട്.
21 വര്‍ഷം നീണ്ട കരിയറില്‍ ഉപയോഗിച്ച വസ്തുക്കള്‍ മാതാവിന്‍ന്റെയും ഭാര്യയുടെയും സഹായത്തോടെയാണ് ഫെഡറര്‍ ഇത്രയും കാലം സൂക്ഷിച്ചത്. ഇതിനകം 20 തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ 39 വയസുള്ള ഫെഡറര്‍ സ്പാനിഷ് സഹതാരം റാഫേല്‍ നദാലിനൊപ്പം റെക്കോഡ് പങ്കിടുകയാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളെന്ന റെക്കോഡാണ് ഇരുവരുടെയും പേരിലുള്ളത്.
കളിമണ്‍ കോര്‍ട്ടിലാണ് ഫെഡറര്‍ കൂടുതല്‍ വെല്ലുവളി നേരിടുന്നത്. ഒരു തവണ മാത്രമാണ് ഫെഡറര്‍ക്ക് ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കാനായത്. ഗ്രാന്‍ഡ് സ്ലാമുകളില്‍ വിംബിള്‍ഡണിലാണ് ഏറ്റവും കൂടുതല്‍ തവണ ഫെഡറര്‍ കപ്പടിച്ചത്. എട്ട് തവണ ഫെഡറര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കി. ഫെഡറര്‍ക്കൊപ്പം സ്പാനിഷ് സീഡ് റാഫേല്‍ നദാലും 20 ഗ്രാന്‍ഡ് സ്ലാമുകളെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ജൂണ്‍ 23ന് ലണ്ടനില്‍ നടക്കുന്ന ലേലത്തില്‍ ഫെഡറര്‍ ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങള്‍ക്ക് ഉപയോഗിച്ച റാക്കറ്റ് ഉള്‍പ്പെടെ എത്തും. 20 ലോട്ടുകളിലായാണ് ഫെഡററുടെ ഗ്രാന്‍ഡ് സ്ലാം ഓര്‍മകള്‍ ലേലത്തിനെത്തുക. ഒരു വര്‍ഷത്തില്‍ അധികം നീണ്ട ഇടവേളക്ക് ശേഷം ഈ മാസം 18നാണ് ഫെഡറര്‍ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവന്നത്.
ജനീവ ഓപ്പണിലൂടെ തിരിച്ചുവന്ന ഫെഡറര്‍ക്ക് പക്ഷെ തിരിച്ചടി നേരിടേണ്ടി വന്നു. സ്പാനിഷ് താരം പാബ്ലോ അഡുഹാറിനെതിരായ വാം അപ്പ് മാച്ചില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെട്ടത്. കാല്‍മുട്ടിന് ശസ്ത്രക്രിയ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഫെഡറര്‍ക്ക് ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത്.