ബ്രസീലിയ: ഇത്തവണത്തെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആദ്യ ജയം കുറിച്ച് അര്‍ജന്റീന. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ അര്‍ജന്റീന, കരുത്തരായ യുറഗ്വായെ ആണ് വീഴ്ത്തിയത്. സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനു കളിക്കുന്ന ഇരുപത്തേഴുകാരന്‍ താരം ഗൈഡോ റോഡ്രിഗസാണ് മത്സരഫലം നിര്‍ണയിച്ച ഗോള്‍ നേടിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പാസില്‍നിന്ന് 13–ാം മിനിറ്റിലാണ് റോഡ്രിഗസ് സ്‌കോര്‍ ചെയ്തത്.
വിജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു ജയവും ഒരു സമനിലയും സഹിതം നാലു പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി. ഇന്നു പുലര്‍ച്ചെ നടന്ന ആദ്യ മത്സരത്തില്‍ ബൊളീവിയയെ തോല്‍പ്പിച്ച ചിലെ രണ്ടാമതുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിലെ ബൊളീവിയയെ വീഴ്ത്തിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ആക്രമിച്ചുകളിച്ച അര്‍ജന്റീന യുറഗ്വായ് നിലയുറപ്പിക്കും മുന്‍പേ മത്സരത്തില്‍ ലീഡ് നേടിയിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 13–ാം മിനിറ്റിലാണ് അര്‍ജന്റീന ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കില്‍നിന്ന് ലഭിച്ച പന്തിലാണ് സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ‘ടച്ചോ’ടെ അര്‍ജന്റീന വിജയഗോള്‍ കുറിച്ചത്.
കോര്‍ണര്‍ കിക്കില്‍നിന്ന് ലഭിച്ച പന്ത് ബോക്‌സിലേക്ക് ഉയര്‍ത്തിവിടുന്നതിനു പകരം ഡിപോള്‍ തൊട്ടുമുന്‍പില്‍ നിന്ന മെസ്സിക്ക് നല്‍കി. തടയാന്‍ വന്ന യുറഗ്വായ് താരത്തെ മറികടന്ന മെസ്സി പന്ത് ഉയര്‍ത്തി യുറഗ്വായ് ബോക്‌സിലേക്ക് വിട്ടു.ഉയര്‍ന്നുചാടിയ ഗൈഡോ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഹെഡര്‍ പോസ്റ്റിലിടിച്ച് വലയില്‍. സ്‌കോര്‍ 1–0
ഗോള്‍ വീണതിനു പിന്നാലെ യുറഗ്വായുടെ നീക്കങ്ങള്‍ക്കും ജീവന്‍ വച്ചു. ഇതോടെ അര്‍ജന്റീന തുടര്‍ ആക്രമണങ്ങളില്‍നിന്ന് പിന്‍വലിയുകയും ചെയ്തു. ആദ്യ പകുതിയെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനവുമായി യുറഗ്വായ് രണ്ടാം പകുതിയില്‍ കളംനിറഞ്ഞെങ്കിലും സമനില ഗോള്‍ നേടാനായില്ല. അര്‍ജന്റീന താരങ്ങളുടെ ഉറച്ച പ്രതിരോധവും യുറഗ്വായ് മധ്യനിരയ്ക്ക് ഭാവനാസമ്പന്നമായ നീക്കങ്ങള്‍ക്ക് സാധിക്കാതെ പോയതും അവര്‍ക്ക് തിരിച്ചടിയായി.