ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ബോക്‌സിങ് ലോക ചാംപ്യന്‍ എം.സി.മേരി കോമും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും. 23നു നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇവര്‍ക്കു പിന്നിലായിട്ടാകും 126 കായികതാരങ്ങളും 75 ഒഫിഷ്യലുകളും അടങ്ങുന്ന ഇന്ത്യന്‍ സംഘം അണിനിരക്കുക.
ഓഗസ്റ്റ് 8നു നടക്കുന്ന സമാപനച്ചടങ്ങില്‍ ഗുസ്തി താരം ബജ്രംഗ് പൂനിയ ഇന്ത്യന്‍ പതാകയേന്തും. ഒളിംപിക് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിനു പതാകവാഹകരായി 2 താരങ്ങളെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുക്കുന്നത്.
പുരുഷ, വനിതാ താരങ്ങളെ പതാകയേന്താന്‍ തിരഞ്ഞെടുക്കാമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. 2016ലെ റിയോ ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ പതാക കൈയിലേന്തിയത്. 2012 ലണ്ടനില്‍ സുശീല്‍ കുമാറും 2008 ബെയ്ജിങ്ങില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡും പതാക പിടിച്ചു.