മോണ്ട്രിയോള് (കാനഡ) : പ്രഫഷനല്‍ ബോക്സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ കൗമാരക്കാരിയായ ബോക്സര്‍ 5–ാം ദിനം മരണത്തിനു കീഴടങ്ങി.
കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ പരാജയപ്പെട്ട മെക്സിക്കന്‍ ബോക്സര്‍ ജീനറ്റ് സക്കരിയാസ് സാപ്പറ്റയാണു (18) തലയ്ക്കേറ്റ പരുക്കുമൂലം കഴിഞ്ഞ ദിവസം മരിച്ചത്.
4–ാം റൗണ്ടിലാണു കാനഡയുടെ മുപ്പത്തൊന്നുകാരിയ മേരി പിയര്‍ ഹുലെയുടെ കനത്ത പഞ്ചുകളേറ്റു സാപ്പറ്റ നിലംപതിച്ചത്. മത്സരം തുടരാനാവില്ലെന്നു കണ്ടതോടെ പിയര്‍ നോക്കൗട്ട് ജയവും നേടി.
എന്നാല്‍, സാപ്പറ്റ എഴുന്നേല്ക്കാനാവാതെ റിങ്ങില്‍ കിടന്നതോടെ വൈദ്യസംഘമെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തലച്ചോറിനേറ്റ ക്ഷതംമൂലം സാപ്പറ്റ കോമയിലായെന്നാണു സംഘാടകര്‍ ആദ്യം അറിയിച്ചത്. ഇന്നലെയാണു മരണവിവരം പുറത്തുവിട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബോക്സിങ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുവന്നു.
ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകുന്നവയാണെന്നു തലച്ചോറിലെ ക്ഷതങ്ങളെപ്പറ്റി പഠിക്കുന്ന ബ്രിട്ടിഷ് ഏജന്‍സിയായ ‘ഹെഡ്വേ’യുടെ തലവന്‍ പീറ്റര്‍ മക്കബേ പറഞ്ഞു. തലയില്‍ സുരക്ഷാകവചം വയ്ക്കാതെയാണു പ്രഫഷനല്‍ ബോക്സിങ്ങില്‍ താരങ്ങള്‍ മത്സരിക്കുന്നത്.