ഓസ്ട്രേലിയയ്ക്കെതിരായ ടി-20 പരമ്പരയിലേക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യ വീണ്ടും ഓസ്ട്രേലിയയോട് പോരാട്ടത്തിന് ഇറങ്ങുകയാണ്. നവംബർ 23ന് വിശാഖപട്ടണത്താണ് ആദ്യമത്സരം. അഞ്ച് മത്സരങ്ങളിൽ രണ്ടാമത്തെ മത്സരം കാര്യവട്ടത്താണ്. നവംബർ 26 നാണ് കാര്യവട്ടത്ത് മത്സരം നടക്കുക.
അവസാന രണ്ട് മത്സരങ്ങളുടെ വേദിയിൽ മാറ്റം വരുത്തിയതായും ബിസിസിഐ അറിയിച്ചു. നവംബർ 28ന് ഗുവാഹത്തിയിൽ മൂന്നാം മത്സരം കഴിഞ്ഞാൽ നാഗ്പൂരിലും ഹൈദരാബാദിലുമായിരുന്നു അടുത്ത വേദികൾ. ഇതിൽ മാറ്റം വരുത്തി ഡിസംബർ ഒന്നിന് റായ്പൂരിലും ഡിസംബർ മൂന്നിന് ബെംഗളുരുവിലും അവസാന രണ്ട് മത്സരങ്ങൾ നടക്കും.
സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. നിരവധി യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളിതാരം സഞ്ജു സാംസണെ ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയില്ല.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ.
അതേസമയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. സിനിമാ താരം കീര്‍ത്തി സുരേഷ് ആണ് വില്‍പനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നത്. ഇന്ന് വൈകിട്ടാണ് ഉദ്ഘാടനം.