Friday, March 14, 2025

HomeUncategorizedചിത്ര രാമകൃഷ്ണയ്ക്ക് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കാനാകില്ലെന്ന് കോടതി

ചിത്ര രാമകൃഷ്ണയ്ക്ക് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കാനാകില്ലെന്ന് കോടതി

spot_img
spot_img

ന്യൂ ഡല്‍ഹി: നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചു(എന്‍.എസ്.ഇ)മായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അജ്ഞാത ‘ഹിമാലയന്‍യോഗി’ക്ക് കൈമാറിയതടക്കമുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ സി.ഇ.ഒ ചിത്ര രാമകൃഷ്ണയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ ജാമ്യം തേടി ചിത്ര ഡല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അതേസമയം, ജയിലില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണം അടക്കമുള്ള വി.ഐ.പി പരിഗണന വേണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.

ഏഴു ദിവസത്തെ കസ്റ്റഡി കാലയളവ് അവസാനിച്ചതോടെയാണ് സി.ബി.ഐ ചിത്ര രാമകൃഷ്ണയെ കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമായതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് സി.ബി.ഐ ആവശ്യപ്പെടുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് സ്‌പെഷല്‍ ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ ചിത്രയെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 28ന് കോടതിയില്‍ അവരെ നേരിട്ട് ഹാജരാക്കണമെന്നും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

സി.ബി.ഐ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്ര രാമകൃഷ്ണ ജാമ്യഹരജി സമര്‍പ്പിച്ചത്. എന്നാല്‍, ഇക്കാര്യം സി.ബി.ഐ തള്ളി. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നതിനാല്‍ കേസിന്റെ സുഗമമായ ഗതിക്ക് കസ്റ്റഡി ആവശ്യമാണെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ വി.കെ ശര്‍മ ആവശ്യപ്പെട്ടു. സി.ബി.ഐ ആവശ്യം അംഗീകരിച്ച കോടതി ചിത്ര മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പയസ് മുഖേന ആവശ്യപ്പെട്ട വീട്ടിലെ ഭക്ഷണം അടക്കമുള്ള സുഖസൗകര്യങ്ങള്‍ തള്ളിക്കളയുകയും ചെയ്തു.

തടവുപുള്ളികളെല്ലാം തുല്യരാണെന്നാണ് ഇതിനു കാരണമായി കോടതി വ്യക്തമാക്കിയത്. മുന്‍പത്തെ പദവിവച്ച്‌ വി.ഐ.പി തടവുപുള്ളിയാകാനാകില്ല. നിയമങ്ങള്‍ മാറ്റാനാകില്ലെന്നും ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. അതേസമയം, മതഗ്രന്ഥമായ ഹനുമാന്‍ ചാലിസ ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഈ മാസം ആറിനാണ് എന്‍.എസ്.ഇ ക്രമക്കേട് കേസില്‍ ചിത്ര രാമകൃഷ്ണയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചിത്രയില്‍നിന്ന് കണ്ടെടുത്തിട്ടുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇത് ഉപയോഗപ്പെടുത്തുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments