അടിമാലി: പൂത്തുലഞ്ഞ നീലവാകകളിൽ അതി സുന്ദരിയായി മൂന്നാർ. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ ജക്രാന്ത മരങ്ങള്‍ പൂവിട്ട് നിൽക്കുന്നത് സ്വതവേ സുന്ദരിയായ മൂന്നാറിന് ഭംഗിയേറ്റുന്നുണ്ട്.
മോഹിപ്പിക്കുന്ന മഞ്ഞും കുളിരും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയില തോട്ടങ്ങളുടെ ഭംഗിയും ജക്രാന്ത പുഷ്പങ്ങളുടെ നീല കാന്തിയും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ച്ചയാണ്. മലകയറി എത്തുന്ന സഞ്ചാരികള്‍ ജക്രാന്ത പുഷ്പങ്ങളുടെ ഭംഗി ക്യാമറയില്‍ ഒപ്പുന്നു .
ബിഗ്‌നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളില്‍പ്പെട്ട ജക്രാന്തയുടെ സ്വദേശം അമേരിക്കയാണ് .
കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്‍മാരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്തകള്‍ വച്ച് പിടിപ്പിച്ചത്. ഫെബ്രുവരി -ഏപ്രില്‍ മാസങ്ങളില്‍ വേനലിൽ വരണ്ട പ്രകൃതിയിൽ വശ്യ കാഴ്ചകൾ നിറച്ചാണ് ജക്രാന്ത മരങ്ങള്‍ പൂവിടാറ്.