Monday, April 14, 2025

HomeColumnsലൂയ് വ്യൂറ്റോണ്‍ഏല്‍പ്പിച്ച മാനസിക സംഘര്‍ഷം (ലാലി ജോസഫ്)

ലൂയ് വ്യൂറ്റോണ്‍ഏല്‍പ്പിച്ച മാനസിക സംഘര്‍ഷം (ലാലി ജോസഫ്)

spot_img
spot_img

ഫ്രാന്‍സിന്റെ ബ്രാന്‍ഡ് ലൂയ് വ്യൂറ്റോണ്‍ എങ്ങിനെയാണ് മാനസിക സംഘര്‍ഷത്തില്‍ എത്തിച്ചത്? ലേഖനം വായിച്ചു കഴിയുമ്പോള്‍ ഇതില്‍ ഒരു കഴമ്പും ഇല്ല എന്ന് ഒരു പക്ഷെ തോന്നിയേക്കാം. ലൂയ് വ്യൂറ്റോണ്‍ ബാഗ് വാങ്ങി അത് വിറ്റു ഇതില്‍ എന്താണ് ഇത്രമാത്രം വര്‍ണ്ണിക്കുവാന്‍ ഇരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടി വരച്ചു കാട്ടുന്ന വൈകാരിക തലം വായനക്കാര്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചാല്‍ ഈ എഴുത്തിനു വേണ്ടി ചിലവഴിച്ച സമയം നഷ്ടമായില്ല എന്നു കരുതാം.

വാഹനമോ, വസ്ത്രമോ, എന്തും ആകട്ടെ എല്ലാവരും നോക്കുന്നത് ഏത് ബ്രാന്‍ഡ്? സ്വര്‍ണ്ണം വച്ചിരിക്കുന്നതു പോലെ ചില്ലിനകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍സിന്റെ അഭിമാന ബാഗുകളില്‍ കണ്ണുകള്‍ ഉടക്കി. വില്‍പ്പനക്ക് നിന്ന സ്ത്രീ ബാഗിനെ കുറിച്ചുള്ള വിശദികരണം നല്‍കി. ബഹുമുഖമായ രീതിയില്‍ ഉപയോഗിക്കാം. ഇതിന്റെ സ്ട്രാപ്പ് കൈയ്യിലും തോളത്തും തൂക്കിയിടാം, ഇനി ക്രോസ് ബോഡി വേണമെങ്കില്‍ അങ്ങിനേയുമാകാം. സ്ര്ട്രാപ്പ് വേണ്ടെങ്കില്‍ അത് മാറ്റി വച്ചിട്ടും ഉപയോഗിക്കാം. ഇന്ത്യന്‍ ഉപഭോക്താവ് ആണെന്ന് മനസിലായതു കൊണ്ടായിരിക്കണം ദീപിക പദുകോണ്‍ ആണ് ഇന്ത്യയില്‍ നിന്നുള്ള ബ്രാന്‍ഡ് അംബാസിഡര്‍ എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

ഇഷ്ടം തോന്നിയ ബാഗ് കൈയ്യിലും തോളിലുമായി കണ്ണാടിയുടെ മുന്‍പില്‍ വച്ച് ഇട്ടു നോക്കി മീഡിയം വലുപ്പത്തിലുള്ള മനോഹരമായ ബാഗ്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വില 4,700 ഡോളര്‍. വില്‍പ്പന നികുതി 387.75 അപ്പോള്‍ ബാഗിന്റെ മൊത്ത വില 5,087 .75

ബാഗ് സ്വന്തമായി കഴിഞ്ഞപ്പോള്‍ സന്തോഷത്തിനു പകരം ഉള്ളില്‍ എവിടെയോ എന്തോ കൊളുത്തി വലിക്കുന്നതു പോലെ, അകാരണമായ ഒരു അസംത്യപ്തി. പൊടികയറാതെ സൂക്ഷിക്കാന്‍ ഒരു ഡസ്റ്റ് കവര്‍ കൂടി ഈ ബാഗിന്റെ കൂടെ കിട്ടിയിരുന്നു. സ്വര്‍ണ്ണം നിക്ഷേപമായി മാറുന്നതു പോലെ ലൂയ് വ്യൂറ്റോണും ഒരു നിക്ഷേപം ആണ്. ഭാഗ്യം ഉണ്ടെങ്കില്‍ ഭാവിയില്‍ ലാഭത്തില്‍ വില്‍ക്കുവാനും സാധിക്കും.

ലൂയ് വ്യൂറ്റോണ്‍ ഉപയോഗിക്കുന്ന അവസരങ്ങളിലെല്ലാം ഭയമാണ്, എവിടെയെങ്കിലും ഉരഞ്ഞു കേടു സംഭവിക്കുമോ? അതോ ഏതെങ്കിലും രീതിയില്‍ കറ പിടിക്കുമോ? ഇങ്ങിനെയുള്ള പലവിധ ചിന്തകള്‍ നിമിത്തം ഒരു വിധത്തിലും സന്തോഷവും സമാധാനവും കിട്ടിയിരുന്നില്ല. ഭാരം കുറഞ്ഞ മനോഹരമായ ഈ ബാഗ് ഒരു ഭാരമായി അനുഭവപ്പെടാന്‍ തുടങ്ങി. പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിച്ച അവസ്ഥയായി.

ഒറിജിനലിനെ വെല്ലുന്ന ക്യത്രിമ വസ്തുക്കള്‍ ഉപയോഗിക്കുന്നവരും സമൂഹത്തില്‍ ഉണ്ട്. ഒരിക്കല്‍ ഇതിനെ കുറിച്ച് ഏറ്റവും അടുത്ത സുഹ്യത്തിനോട് ചോദിച്ചപ്പോള്‍ എനിക്കു കിട്ടിയ മറുപടി ഒന്നു ശ്രദ്ധിക്കുക. കുറച്ചു രോഷത്തോടു കൂടിയാണ് ആ വ്യക്തി പ്രതികരിച്ചത് താങ്ങാന്‍ പറ്റാത്ത വില ചോദിച്ചാല്‍ എന്തു ചെയ്യും? വില താങ്ങുവാന്‍ പറ്റുന്നില്ല എന്നുവച്ച് ക്യത്രിമ ബാഗ് വാങ്ങിച്ച് ഉപയോഗിക്കുന്നത് ശരിയാണോ?

വ്യാജ ബാഗ് ഉണ്ടാക്കി വില്‍ക്കുന്നവരെ ഇവരെ പോലുള്ളവര്‍ പ്രോത്‌സാഹിപ്പിക്കുന്നു, അതായത് തെറ്റിന് കൂട്ടു നില്‍ക്കുന്നു. മറ്റൊന്ന് ഒര്‍ജിനല്‍ ബാഗ് ഉപയോഗിക്കുന്നവരെ ഇവര്‍ വിഡ്ഡികളാക്കുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ബ്രാന്‍ഡ് ഉപയോഗിക്കുവാന്‍ ആഗ്രഹവും ഉണ്ട് എന്നാല്‍ കമ്പനി നിര്‍ദ്ദേശിക്കുന്ന വില കൊടുക്കുവാന്‍ ഈ കൂട്ടര്‍ തയ്യാറും അല്ല. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തില്‍ ഇരിക്കുന്നത് പോകുകയും ചെയ്യരുത് എന്ന പഴമക്കാര്‍ പറഞ്ഞത് ഓര്‍ത്തു പോയി.

സഞ്ചാരികളേയും കൊണ്ടു വരുന്ന ബസ് നില്‍ക്കുന്ന സ്ഥലത്ത് ക്യത്രിമ ബാഗ് വില്‍പ്പനക്കാര്‍ കൂട്ടത്തോടെ ഓടി വരും പോലീസിനെ കണ്ണു വെട്ടിച്ചാണ് ഇവരുടെ വരവ്. ഫ്രാന്‍സില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ കൈയ്യില്‍ ബാഗ് ക്യത്രിമം ആണോ എന്ന് ചെക്ക് ചെയ്യുവാന്‍ തുടങ്ങിയിട്ടുണ്ട് എന്ന ഒരു വാര്‍ത്ത ഈയ്യിടെ കേട്ടു. ക്യത്രിമ ബാഗ് ഉപയോഗിക്കുന്നവരെ കാണുമ്പോള്‍ അത് ക്യത്രിമം ആണെന്ന് അറിയാതെ അഭിനന്ദിക്കാറുണ്ട് ചിലപ്പോള്‍ ആ അഭിനന്ദനം അവരില്‍ അസ്വസ്ഥത ഉളവാക്കാം. അല്ലങ്കില്‍ മറിച്ച് ഞാന്‍ നിങ്ങളെ കബളിപ്പിച്ചും എന്നുമാകാം.

എന്റെ അവസ്ഥ ഇതില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഒന്നാണ് ഒരു യഥാര്‍ത്ഥ ബാഗ് തോളത്ത് ഇട്ടു കൊണ്ട് അനുഭവിക്കുന്ന മാനസിക സംഘര്‍ഷം. എന്തൊരു വിരോധാഭാസം !!! വെളിച്ചം കാണാതെ കൂടുതല്‍ സമയവും ബാഗ് ഡസ്റ്റ് കവറിനുള്ളില്‍ തന്നെയായിരുന്നു. വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ഒരു ബന്ധു പാരീസ് സന്ദര്‍ശിക്കുന്നതിനിടയില്‍ ഞാന്‍ വാങ്ങിയ അതെ ബാഗ് കാണുകയുണ്ടായി വില 3000 ഡോളര്‍. എന്റെ നിര്‍ദ്ദേശ പ്രകാരം എനിക്കു വേണ്ടി വാങ്ങിക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്നു വാങ്ങിയ ബാഗ് തിരിച്ച് വാങ്ങിയ സ്ഥലത്തു കൊടുത്തു. ചെറിയ ഒരു ആശ്വാസം ആയെങ്കിലും ഉപയോഗിക്കുവാന്‍ തോന്നുന്നില്ല. കാരണം ഇപ്പോഴും വലിയ ഒരു തുക തന്നെയാണല്ലോ അതിനു വേണ്ടി ചിലവിട്ടത്.

ഫേസ് ബുക്കില്‍ ഒരു സെലിബ്രിറ്റി ലൂയ് വ്യൂറ്റോന്‍ ബാഗ് റെസ്റ്റോറന്റ്റിലെ മേശയുടെ പുറത്തു വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ഇട്ടിരുന്നു. അപ്പോള്‍ അതില്‍ ഒന്നു രണ്ടു കമന്റ് ഇങ്ങിനെയായിരുന്നു. ലൂയ് വ്യൂറ്റോന്‍ ഉണ്ട് എന്നു കാണിക്കുവാന്‍ വേണ്ടിയായിരുന്നോ ഈ പോസ്റ്റ് !!!!. ആ പടം കണ്ടിട്ട് അറിയാവുന്ന ഒരു വ്യക്തി പറഞ്ഞു അത് ഒരു ക്യത്രിമ ബാഗ് ആണ് അതിന്റെ വിശദികരണവും നിരത്തി. എന്നെ സംബന്ധിച്ച് നേരിട്ട് കണ്ടാല്‍ പോലും തിരിച്ചറിയുവാന്‍ സാധിക്കുകയില്ല.

വിവാദ സിനിമയായ’എമ്പുരാന്‍’ കണ്ടപ്പോള്‍ ഇന്ദ്രജിത്ത് ഒരു സീനില്‍ ലൂയ് വ്യൂറ്റാന്‍ പ്രിന്റ് ഉള്ള ഗ്രേ കളര്‍ ഷാള്‍ പുതച്ചിരിക്കുന്നത് കണ്ടു. അവിടെയും സംശയം ഇത് വ്യാജമാണോ? അതോ ഒറിജിലാണോ?

ബാഗ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും ക്ഷതം സംഭവിക്കുമോ എന്നതായിരുന്നു എന്നെ അലട്ടികൊണ്ടിരുന്ന മാനസിക പ്രയാസം. അതുകൊണ്ടു തന്നെ സമാധാനം തരാത്ത ഇവനെ വില്‍ക്കുവാന്‍ തീരുമാനിച്ചു. പഴയ ഡിസൈനര്‍ സാധനങ്ങള്‍ എടുക്കുന്ന കട കണ്ടുപിടിച്ച് അവിടെ കൊണ്ടു പോയി വില ചോദിച്ചു അവര്‍ ഇട്ട വിലയാണ് 2500 ഡോളര്‍. ഞാന്‍ ചോദിച്ച വില അതിലും കൂടുതലായിരുന്നു.

ബാഗ് കൊടുക്കാതെകടയുടെ പുറത്ത് ഇറങ്ങിയപ്പോള്‍ എവിടെ നിന്നോ ഒരു കാര്‍ എന്റെ സമീപത്തു നിര്‍ത്തി ബാഗ് വില്‍ക്കുന്നുണ്ടോ? ഞാന്‍ നല്ല വില തരാം. കൊടുത്തില്ലയെങ്കില്‍ തട്ടികൊണ്ടു പോകും എന്നു വരെയുള്ള തോന്നല്‍ ഉണ്ടാകുന്ന രീതിയിലായിരുന്നു ആ അപരിചിതന്റെ പെരുമാറ്റം. വില്‍ക്കുന്നില്ല എന്ന് മറുപടിയും കൊടുത്തു വണ്ടിയില്‍ കയറി രക്ഷപ്പെട്ടു. ലൂയ് വ്യൂറ്റാന്‍ ഒരു വിധത്തിലും സമാധാനം തരുന്നില്ലല്ലോ എന്ന് ഒരു നിമിഷം ഓര്‍ത്തു പോയി.

ഭാഗ്യം ഉണ്ടങ്കില്‍ വാങ്ങിയ വിലയേക്കാളും കൂടുതല്‍ നേടാന്‍ സാധിക്കുമെന്ന് പറഞ്ഞതു പോലെ എന്നെ തേടി ആ ഭാഗ്യം വന്നു. ചില നിമിത്തങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു എന്നു പറഞ്ഞതു പോലെ ഈ ബാഗ് വാങ്ങുവാന്‍ അവിചാരിതമായി ഒരു വ്യക്തിയെ കണ്ടുമുട്ടുന്നു. ആവശ്യപ്പെട്ട വിലക്ക് തന്നെ കൈമാറുവാനും സാധിച്ചു. എനിക്ക് ലാഭം കിട്ടുകയും ചെയ്തു. ആ ബാഗ് കൈമാറി കഴിഞ്ഞപ്പോള്‍ കിട്ടിയ ആശ്വാസം പറഞ്ഞറിക്കാന്‍ പറ്റുകയില്ല,

ക്യത്രിമ ബാഗ് വാങ്ങി അത് വില്‍ക്കുന്നവരെ പ്രോത്‌സാഹിപ്പിക്കാതെ ഇരിക്കുക. അവര്‍ ചെയ്യുന്നത് തെറ്റാണ്. ആ തെറ്റിന് കൂട്ടു നില്‍ക്കാതിരിക്കുക. വാങ്ങിക്കാനുള്ള സാമ്പത്തികം ഇല്ല എങ്കില്‍ വാങ്ങാതിരിക്കുക അതല്ലേ അതിന്റെ ശരി. ഇത് എന്റെ അഭിപ്രായം ആണ് നിങ്ങളുടെ അഭിപ്രായം മറിച്ചും ആകാം. എതാണ് ശരി ഏതാണ് തെറ്റ് നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക. എല്ലാംവര്‍ക്കും ഒരു ശുഭദിനം ആശംസിക്കുന്നു.

(ലാലി ജോസഫ്)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments