ജിദ്ദ: സൗദി അറേബ്യ ഇന്ത്യയില്‍ രണ്ട് ഓയില്‍ റിഫൈനറികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെയും തുല്യപങ്കാളിത്തത്തോടെ ആണ്ഇന്ത്യയിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കുന്നത.ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന് (എസ്.പി.സി) കീഴിൽ പ്രതിരോധ സഹകരണം, വിനോദസഞ്ചാരം, സാംസ്കാരിക സഹകരണം എന്നിവക്കായി രണ്ട് കമ്മിറ്റികൾ കൂടി രൂപവത്കരിച്ചതാണ് മറ്റൊരു പ്രധാന തീരുമാനം.
ഇതോടെ എസ്.പി.സിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കമ്മിറ്റികളുടെ എണ്ണം നാലായി. പൊളിറ്റിക്കൽ, കോൺസുലർ, സെക്യൂരിറ്റി കോഓപറേഷൻ കമ്മിറ്റി, ഇകണോമി, എനർജി, ഇൻെവസ്റ്റ്മെൻറ് ആൻഡ് ടെക്നോളജി കമ്മിറ്റി എന്നിവയാണ് എസ്.പി.സിക്ക് കീഴിലെ മറ്റു കമ്മിറ്റികൾ. ഇതിന് പുറമെ നാല് പ്രധാന കരാറുകളും ഒപ്പുവെച്ചു.
സമാധാന ലക്ഷ്യത്തോടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങൾ, ആരോഗ്യ ശുശ്രൂഷ, തപാൽ പാർസൽ സർവിസ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനുള്ളതാണ് ഈ നാല് കരാറുകൾ.
ഊർജം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഫിൻടെക്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെലി കമ്യൂണിക്കേഷൻസ്, ഫാർമസ്യൂട്ടിക്കൽസ്, ഉൽപാദനം, ആരോഗ്യം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സൗദി അറേബ്യയുടെ ആഗ്രഹത്തിനും ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകിയ ഇന്ത്യ അത്തരം നിക്ഷേപ പ്രവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നിലധികം മേഖലകളിൽ ‘ഹൈ ലെവൽ ടാസ്ക് ഫോഴ്സ്’ രൂപവത്കരിക്കാനുള്ള നീക്കമാരംഭിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.