തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ച നേടി ഇടത് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയുടെ ആവര്‍ത്തനമില്ല. 21 മന്ത്രിമാരില്‍ 18 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയനുപുറമെ എന്‍സിപി പ്രതിനിധിയായി എ.കെ ശശീന്ദ്രനും ജെഡിഎസിന്റെ കെ കൃഷ്ണന്‍കുട്ടിയും മാത്രമാണ് മന്ത്രിസഭയില്‍ തുടരുന്നത്. സിപിഎമ്മും സിപിഐയും മുഴുവന്‍ പുതുമുഖങ്ങളെ അവതരിപ്പിച്ചപ്പോള്‍ മൂന്ന് ഘടകകക്ഷികളില്‍ നിന്നും മന്ത്രമാരാകുന്നത് പുതുമുഖങ്ങളാണ്.
ഇടത് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ നേരിടും. ഇടതുമുന്നണിയുടെ തന്നെ മുഖമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കപ്പെട്ട പിണറായി വിജയന്‍ ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച ശേഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അച്യൂതാനന്ദനൊപ്പം നിന്ന് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ച പിണറായി ഇത്തവണ ക്യാപ്റ്റനായാണ് ഇറങ്ങിയത്. ഭൂരിപക്ഷം വര്‍ധിപ്പിച്ച് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ പിണറായി തന്നെ മുഖ്യമന്ത്രിയായി തുടരും.
എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ പിണറായി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇത്തവണ സിപിഎമ്മിനായി മത്സരിച്ച് വിജയിച്ച ഏറ്റവും മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. ഡിവൈഎഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍കൂടിയായ ഗോവിന്ദന്‍ മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് കെഎസ്‌വൈഎഫിലൂടെയാണ്. അടിയന്തരാവസ്ഥ കാലത്തെ പൊലീസ് പീഡനങ്ങളും നേരിട്ടിട്ടുണ്ട്. 1996ല്‍ തളിപറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2001ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും തളിപറമ്പില്‍ നിന്നു തന്നെയാണ് ജനവിധി തേടിയത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ കഴിഞ്ഞതവണ ഇ.പി ജയരാജന്‍ കൈകാര്യം ചെയ്ത വ്യവസായ വകുപ്പ് ഗോവിന്ദന്‍ മാസ്റ്ററിന് ലഭിക്കാനാണ് സാധ്യത.
കെ രാധാകൃഷ്ണന്‍
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നിയമസഭയിലേക്ക് എത്തുമ്പോള്‍ കെ രാധകൃഷ്ണന്‍ ഒരിക്കല്‍കൂടി മന്ത്രിപദത്തിലേക്കും നിയോഗിക്കപ്പെടുകയാണ്. കാല്‍നൂറ്റാണ്ടു ചേലക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച കെ രാധാകൃഷ്ണന്‍ കഴിഞ്ഞ തവണ മത്സരിച്ചിരുന്നില്ല. അച്യൂതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ രാധാകൃഷ്ണന് മന്ത്രിയായുള്ള അനുഭവ സമ്പത്ത് രണ്ടാം പിണറായി മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ നല്‍കാന്‍ കാരണമായേക്കും.
കെ.എന്‍ ബാലഗോപാല്‍
കൊട്ടാരക്കരയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു കെ.എന്‍ ബാലഗോപാലിന്റേത്. രാജ്യസഭ അംഗമായിരുന്ന ബാലഗോപാല്‍ എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ബാലഗോപാലിന് പ്രധാന വകുപ്പുകള്‍ തന്നെ ലഭിച്ചേക്കാനാണ് സാധ്യത.
പി രാജീവ്
രണ്ടാം പിണറായി മന്ത്രിസഭയിലെ മറ്റൊരു ശക്തമായ പേരാണ് പി രാജീവിന്റേത്. മികച്ച പാര്‍ലമെന്റേറിയനെന്ന് ഇതിനോടകം തെളിയിച്ച രാജീവിന്റെ കന്നി നിയമസഭ അങ്കമായിരുന്നു ഇത്തവണത്തേത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന രാജീവ് എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും വിവിധങ്ങളായ പദവികളും ഉത്തരവാദിത്വങ്ങളും നിറവേറ്റിയ ശേഷമാണ് സിപിഎമ്മിലെത്തുന്നത്. സിഐടിയുവിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജീവിന്റെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പതിവ് തെറ്റിച്ച് സിപിഎം രണ്ടാമതും അവസരം നല്‍കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് നിലവില്‍ രാജീവ്. ധനകാര്യം ഉള്‍പ്പടെയുള്ള സുപ്രധാന വകുപ്പുകളാണ് രജീവിന്റെ പേരിനൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്.
വി.എന്‍ വാസവന്‍
സിപിഎം കോട്ടയം ജില്ല സെക്രട്ടറികൂടിയായ വി.എന്‍ വാസവനും മന്ത്രിയാകും. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തന്നെയാണ് വാസവന്റെയും തുടക്കം. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഗ്രാമപഞ്ചായത്ത് മെമ്പറായി തുടങ്ങിയ അദ്ദേഹം വിവിധ സഹകരണ സ്ഥാപനങ്ങളുടെയും അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
വി ശിവന്‍കുട്ടി
ബിജെപിയുടെ ഏക അക്കൗണ്ടായ നേമം പൂട്ടിക്കൊണ്ടാണ് വി ശിവന്‍കുട്ടി കേരള രാഷ്ട്രീയത്തില്‍ ചരിത്രമെഴുതിയത്. ആ വിജയത്തിളക്കം മന്ത്രിസഭയിലും ശിവന്‍കുട്ടിക്ക് സ്ഥാനം ഉറപ്പിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ ശിവന്‍കുട്ടി ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍, ഓള്‍ ഇന്ത്യന്‍ മേയര്‍സ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഹമ്മദ് റിയാസ്
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസും മന്ത്രിയാകും. ബേപ്പൂരില്‍ നിന്നുമാണ് മുഹമ്മദ് റിയാസ് കേരള നിയമസഭയിലേക്ക് എത്തുന്നത്. കന്നി അംഗത്തില്‍ തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച റിയാസ് ഇനി മന്ത്രിപദത്തിലേക്കും. യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് മന്ത്രിസഭയില്‍ ഇടം ലഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധേ നേടിയ മുഹമ്മദ് റിയാസ് ഡല്‍ഹിയിലും മുംബൈയിലും അറസ്റ്റിലായിരുന്നു. ഹരിയാനയില്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ മുന്‍കൈയെടുത്തതും റിയാസാണ്. തമിഴ്‌നാട്ടില്‍ ജാതിവെറിയന്മാര്‍ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി.
സജി ചെറിയാന്‍
2018ലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയ സജി ചെറിയാന്‍ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിന്റെ ശക്തരായ നേതാക്കളില്‍ ഒരാളാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ആലപ്പുഴയില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ടായിരുന്നെങ്കില്‍ ഇത്തവണ സജി ചെറിയാന്‍ മാത്രമാണ് ഏക പ്രതിനിധി. മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം റെക്കോര്‍ഡ് തന്നെ മറികടന്ന് ഗംഭീര ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ചെങ്ങന്നൂരില്‍ നിന്ന് സജി ചെറിയാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 31,984 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സജി ചെറിയാന്റെ തേരോട്ടം. വമ്പന്‍ ഭൂരിപക്ഷത്തിലെത്തിയ സജി ചെറിയാന്‍ ഇത്തരണ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രി പദത്തില്‍ എത്തിയിരിക്കുകയാണ്.
ആര്‍ ബിന്ദു
ഇരിങ്ങാലക്കുടയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ജനിവിധി തേടിയ നേതാവാണ് ഡോ ആര്‍ ബിന്ദു. തൃശൂര്‍ കേരള വര്‍മ്മ പ്രിന്‍സിപ്പലായിരുന്ന ആര്‍ ബിന്ദു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. ഇതിന് മുന്‍പും തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ ബിന്ദു തൃശൂര്‍ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ വിജയരാഖവന്റെ ഭാര്യയായതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ആളാണ് ബിന്ദുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളം പൊതുരംഗത്ത് സജീവമാണ് ബിന്ദു.
വീണാ ജോര്‍ജ്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 19000 കൂടുതല്‍ വോട്ടുകള്‍ നേടിയാണ് വീണ്ടും വിജയിച്ചിരിക്കുന്നത്. 45കാരിയായ വീണ ജോര്‍ജ് എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2012ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് വീണ ജോര്‍ജ്. എംഎല്‍എ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടത്.
വി അബ്ദുറഹ്‌മാന്‍
മലപ്പുറത്തെ താനൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച ഇടതുസ്വതന്ത്രന്‍ വി അബ്ദുറഹ്‌മാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി. തുടര്‍ച്ചയായി രണ്ട് തവണ മുസ്ലിം ലീഗിന്റെ കോട്ട പിടിച്ചടക്കിയ വ്യക്തി എന്ന നിലയിലാണ് വി അബ്ദുറഹ്‌മാന്‍ പ്രസക്തനാകുന്നത്. മലപ്പുറത്ത് നിന്ന് പുതിയ മന്ത്രിസഭയിലുള്ള പ്രതിനിധി കൂടിയാണദ്ദേഹം. പഴയ കോണ്‍ഗ്രസ് നേതാവാണ് വി അബ്ദുറഹ്‌മാന്‍. 2005ല്‍ തിരൂര്‍ നഗരസഭയുടെ വൈസ് ചെയര്‍മാനായിരുന്നിട്ടുണ്ട്.
ചിഞ്ചുറാണി
1964 ലെ പിളര്‍പ്പിന് ശേഷം ഇതാദ്യമായാണ് സിപിഐക്ക് വനിതാ മന്ത്രിയുണ്ടാവുന്നത്. കെആര്‍ ഗൗരിയമ്മയായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദ്യ വനിതാ മന്ത്രി. ഇതിന് ശേഷം ഇതാദ്യമായി സിപിഐ സീറ്റില്‍ മന്ത്രിയാകുന്നത് ചിഞ്ചു റാണിയാണ്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ചിഞ്ചുറാണി ചടയമംഗലത്ത് നിന്നുമാണ് നിയമസഭയിലേക്ക് എത്തുന്നത്. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമയത്ത് വേണ്ടത്ര വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ സാധിച്ചില്ലെന്ന് കാനം പറഞ്ഞിരുന്നു. അത് പക്ഷേ ചിഞ്ചുറാണിക്ക് നല്‍കിയ മന്ത്രിസ്ഥാനത്തിലൂടെ സിപിഐ പരിഹരിച്ചിരിക്കുകയാണ്.
കെ രാജന്‍
ഒല്ലൂരില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയ കെ രാജനാണ് . കഴിഞ്ഞ മന്ത്രിസഭയില്‍ ചീഫ് വിപ്പായിരുന്നു രാജന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ രാജന്‍ സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കൂടിയാണ്.
പി പ്രസാദ്
ചേര്‍ത്തലയില്‍ നിന്ന് പി തിലോത്തമന്റെ പിന്‍ഗാമിയായി മറ്റൊരു സിപിഐ നേതാവ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്നു. വാക്ചാതുര്യമാണ് പി പ്രസാദ് എന്ന നേതാവിന്റെ കരുത്ത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷന്‍, സിപിഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി, നിലവില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളോടെല്ലാം നീതിപുലര്‍ത്തിയ കമ്മ്യൂണിസ്റ്റ്. സിപിഐയുടെ സുപ്രധാന വകുപ്പുകളില്‍ ഒന്ന് പി പ്രസാദിന് ലഭിക്കും.
അഡ്വ ജി ആര്‍ അനില്‍
മന്ത്രിസ്ഥാനത്തെക്കെത്തുന്ന അഡ്വ. ജി ആര്‍ അനില്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതാവുകൂടിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തേക്ക് എത്തി. എഐഎസ്എഫ്എഐവൈഎഫ്കിസാന്‍സഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔഷധി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജി ആര്‍ അനില്‍ ഹാന്റക്‌സിന്റെ ഡയറക്ടറായും കൈത്തറി ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുമങ്ങാട് നിന്നുമാണ് അനില്‍ നിയമസഭയിലെത്തുന്നത്.
റോഷി അഗസ്റ്റിന്‍
ഇടുക്കിയില്‍നിന്നുള്ള തുടര്‍ച്ചയായ അഞ്ചാംവിജയം റോഷി അഗസ്റ്റിന് സമ്മാനിക്കുന്നത് പിണറായി വിജയന്‍ 2.0 സര്‍ക്കാരില്‍ മന്ത്രിസ്ഥാനം. മുന്നണി മാറി എല്‍.ഡി.എഫിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടാം പിണറായി സര്‍ക്കാരില്‍ ലഭിച്ചത് ഒരു മന്ത്രിസ്ഥാനമാണ്. ആ സ്ഥാനത്തേക്കാണ് റോഷി എത്തുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് റോഷി. കെ.എം മാണിയുടെ വിശ്വസ്തന്‍ മാണിയുടെ മരണശേഷം മകനൊപ്പം തന്നെ നിന്നു. കേരള കോണ്‍ഗ്രസ് എം. യോഗം പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷിയെ തിരഞ്ഞെടുത്തതോടെ അദ്ദേഹം മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിരുന്നു.
ആന്റണി രാജു
ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായാണ് ആന്റണി രാജു രണ്ടാം പിണറായി മന്ത്രിസഭയിലെത്തുന്നത്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന നേതാവാണ് ആന്റണി രാജു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു ആന്റണി രാജുവിന്റെ സഞ്ചാരം. 1996ല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജ് ജോസഫ് ഗ്രൂപ്പിനൊപ്പം പോയെങ്കിലും മുന്നണിയില്‍ ഉറച്ച് നില്‍ക്കാനായിരുന്നു ആന്റണി രാജുവിന്റെ തീരുമാനം. ആഴക്കടല്‍ മീന്‍പിടിത്ത കരാര്‍ പ്രതിപക്ഷം വലിയ ആരോപണമായി ഉയര്‍ത്തിയെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാന്‍ കാരണമായി.
അഹമ്മദ് ദേവര്‍കോവില്‍
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇടത് മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. നേരത്തെയും ഐഎന്‍എല്‍ പ്രതിനിധികള്‍ നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍, മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ആദ്യമായാണ് ഇടത് സര്‍ക്കാരില്‍ ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. അഹമ്മദ് ദേവര്‍കോവിലാണ് ഐഎന്‍എല്‍ പ്രതിനിധിയായി പിണറായി മന്ത്രിസഭയിലെത്തുന്നത്.
കെ കൃഷ്ണന്‍കുട്ടി
ജെഡിഎസ് മന്ത്രിയായി കെ കൃഷ്ണകുട്ടി തുടരും. ഒന്നാം പിണറായി മന്ത്രിസഭയിലും കൃഷ്ണന്‍കുട്ടി അംഗമായിരുന്നു. രണ്ട് എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി വലിയ ഉള്‍പ്പോരാണ് ഉണ്ടായിരുന്നത്. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് കൃഷ്ണന്‍കുട്ടി. വിവിധ സഹകരണ പ്രസ്ഥാനങ്ങളുടെ ചുമതല വഹിച്ച അദ്ദേഹം ആറ്, ഏഴ് നിയമസഭകളിലും അംഗമായിരുന്നു. ജനദാതള്‍ എസ് സംസ്ഥാന അധ്യക്ഷന്‍കൂടിയാണ് കെ കൃഷ്ണന്‍കുട്ടി.
എ.കെ ശശീന്ദ്രന്‍
പിണറായി മന്ത്രിസഭയില്‍ എ.കെ ശശീന്ദ്രന് ഇത് രണ്ടാം ഊഴം. എന്‍സിപി സിപിഎം നേതൃത്വവുമായുളള അടുത്ത ബന്ധമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിപദം ഉറപ്പാക്കുന്നതിലും ശശീന്ദ്രന് നേട്ടമായത്. കണ്ണൂര്‍ ജില്ലയിലെ മേലെ ചൊവ്വ സ്വദേശിയായ എകെ ശശീന്ദ്രന്‍ കെഎസ്!യുവിലൂടെയാണ് പൊതുരംഗത്തത്തുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതാവായിരിക്കെയാണ് എന്‍സിപിയിലേക്കുളള ചുടുമാറ്റം. നിയമസഭയില്‍ എത്തുന്നത് ഇത് ആറാം തവണ. 1980ല്‍ പെരിങ്ങളത്തു നിന്നും 1982ല്‍ എടക്കാട്‌നിന്നും 2006ല്‍ ബാലുശ്ശേരിയില്‍ നിന്നും നിയമസഭാംഗമായ ശശീന്ദ്രന്‍ ഇക്കുറി എലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്.