Saturday, April 20, 2024

HomeUncategorizedഅന്ന് 'മാധ്യമശ്രീ', ഇനി മന്ത്രി

അന്ന് ‘മാധ്യമശ്രീ’, ഇനി മന്ത്രി

spot_img
spot_img

അമേരിക്കന്‍ മലയാളികളെ നേരിട്ടറിയുന്ന ജനകീയ പ്രതിഛായയുള്ള മന്ത്രിയായി വീണാ ജോര്‍ജ്

എ.എസ് ശ്രീകുമാര്‍

പത്തനംതിട്ട: ആറന്മുളയില്‍ നിന്ന് ജനകീയ പ്രതിച്ഛായയുമായി 2016ല്‍ നിയമസഭയില്‍ സാന്നിധ്യമറിയിച്ച വീണാ ജോര്‍ജ് രണ്ടാം പിണറായി മന്ത്രിസഭയിലെത്തുനെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. അത് അസ്ഥാനത്തായില്ല. സി.പി.എം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിമാരിലൊരാളായ വീണ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയുമാണ്. നിയമസഭയില്‍ സി.പി.എമ്മിന്റെ ഉറച്ച ശബ്ദം കൂടിയാണ് വീണ. ദീര്‍ഘവീക്ഷണത്തോടെയുള്ള വീണയുടെ പ്രവര്‍ത്തനമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആദ്യ കാരണമായത്. പ്രളയം, കൊവിഡ് എന്നീ സമയത്ത് ആറന്മുളയെ സുരക്ഷിതമായി നിര്‍ത്തിയത് വീണയുടെ ‘ക്രൈസിസ് മാനേജ്‌മെന്റ്’ മികവാണ്.

ആറന്‍മളയിലെ കന്നിയങ്കത്തില്‍ (2016) കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എയും കരുത്തനുമായ അഡ്വ. കെശിവദാസന്‍ നായരെ പരാജയപ്പെടുത്തുമ്പോള്‍ 7646 വോട്ടായിരുന്നു വീണയുടെ ഭൂരിപക്ഷം. അഞ്ച് വര്‍ഷത്തിന് ശേഷം അത് 19003 വോട്ടായി അത് ഉയര്‍ന്നു. മണ്ഡലത്തില്‍ ജാതി സമവാക്യങ്ങളും സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗും വീണയുടെ ജനകീയ മുഖവും എല്ലാം ഗുണകരമായി വന്നു. ക്രിസ്ത്യന്‍ വോട്ടുകളെ യുഡിഎഫില്‍ നിന്ന് സ്ഥിരമാക്കി നിര്‍ത്തുക കൂടിയാണ് വീണയുടെ മന്ത്രിസ്ഥാനം കൊണ്ട് സി.പി.എം ലക്ഷ്യമിടുന്നത്. ഒപ്പം സ്ത്രീ വോട്ടര്‍മാരുടെ മനസും കവരാം.

അമേരിക്കന്‍ മലയാളികളെ നേരിട്ടറിയുന്ന വീണ ജോര്‍ജ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘മാധ്യമ ശ്രീ’ അവാര്‍ഡ് നേടിയ വ്യക്തിയാണ്. 2016 മെയ് 25ന് ഹൂസ്റ്റനിലെ ഇന്ത്യാ ഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ വൈസ് കൗണ്‍സല്‍ ആര്‍.ഡി. ജാഷിയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി എം.ബി.രാജേഷ് എം.പിയാണ് അവാര്‍ഡ് കൈമാറിയത്. 2012ലെ അമേരിക്കന്‍ പ്രസിഡന്റ്തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം റിപ്പോര്‍ട്ടിംഗിനായി വീണ അമേരിക്കയില്‍ എത്തിയിരുന്നു.

അന്ന് ഒരു പ്രതീകമായി മാറിയ ബറാക്ക് ഒബാമയോടായിരുന്നു ആഭിമുഖ്യം. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശം, കേരള സര്‍വകലാശാലയില്‍ നിന്ന് റാങ്ക് തിളക്കവുമായി ബിരുദവും ബി.എഡും നേടി. ഒരിക്കല്‍ മലയാളിയുടെ സ്വീകരണമുറിയിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടിരുന്ന വീണാ ജോര്‍ജിന്റെ ക്ഷോഭിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ വാര്‍ത്താമുഖം ഇന്ന് കേരള നിയമസഭയിലെ സാമൂഹിക പ്രതിബദ്ധതയുടെ ജനകീയ ശബ്ദമായി മാറിയത് പ്രകാശവേഗത്തിലാണ്.

കേരളത്തില്‍ ഒരു വാര്‍ത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന പ്രഥമ വനിതയെന്ന ബഹുമതി പൊന്‍തൂവലായി തൊപ്പിയിലണിയിച്ച വീണ ജോര്‍ജ് ദൃശ്യമാധ്യ രംഗത്ത് വാര്‍ത്താ അവതരണത്തിലും വിശകലനത്തിലുമെല്ലാം വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ അപൂര്‍വ വ്യക്തിത്വമാണ്. കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഉമടസ്ഥതയില്‍ തുടങ്ങിയ ടി.വി ന്യൂ എന്ന ചാനലിലൂടെയാണ്, വീണ കേരളത്തില്‍ ഒരു വാര്‍ത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയെന്ന പദവിയിലെത്തിയത്.

കൈരളി ചാനലിലൂടെയാണ് വീണ ടെലിവിഷന്‍ ജേണലിസം ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യാവിഷന്‍ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ വരെയായി ഉയര്‍ന്നു. റിപ്പോര്‍ട്ടര്‍ ടി.വി തുടങ്ങിയപ്പോള്‍ മുതല്‍ അവിടെയും വാര്‍ത്താവതാരകയായി വീണ ഉണ്ടായിരുന്നു. അവിടെ നിന്നു മനോരമ ന്യൂസിലേക്കു ചുവടുമാറ്റിയ വീണ ടി.വി ന്യൂ തുടങ്ങിയപ്പോള്‍ അതിന്റെ അമരക്കാരിയായി എത്തുകയായിരുന്നു. മലയാളി മനസില്‍ ഓര്‍ക്കുന്ന മുഖങ്ങളില്‍ പ്രധാനമാണ് വീണ ജോര്‍ജ്ജിന്റേത്. മാദ്ധ്യമപ്രവര്‍ത്തനത്തില്‍ ഔപചാരിക വിദ്യാഭ്യാസമില്ലാതെ മാദ്ധ്യമരംഗത്തിന്റെ മുന്‍ നിരയില്‍ എത്തിയ വ്യക്തിത്യം.

പത്തനംതിട്ട ജില്ലയിലെ കുമ്പഴവടക്കില്‍ പാലമറ്റത്തില്‍ അഡ്വ. ഈശോ കുര്യാക്കോസിന്റെ മകളായി പിറന്ന വീണ ജോര്‍ജ് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. മികച്ച വാര്‍ത്താ അവതാരികയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2011ലെ മികച്ച ടെലിവിഷന്‍ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യാവിഷന്‍ വാര്‍ത്താവിശകലനത്തിനുള്ള അംഗീകാരം, മികച്ച വാര്‍ത്താ അവതരണത്തിനുള്ള 2010ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, നീലേശ്വരം സുന്ദരന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ശക്തമായ, ദീപ്തമായ പ്രകാശമായി വീണ ജോര്‍ജ് സാന്നിധ്യമറിയിച്ചിരിക്കുകയാണ് ജനപ്രതിനിധിയെന്ന നിലയില്‍ ആറന്മുളയില്‍, മന്ത്രിയെന്ന നിലയില്‍ കേരളത്തിലാകമാനവും. വികസന ചിന്തയെയും പരിസ്ഥിതി സ്നേഹത്തെയും സാംസ്‌കാരിക മൂല്യങ്ങളെയുമെല്ലാം സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് വീണയുടെ പ്രവര്‍ത്തനങ്ങള്‍. ഡോ. ജോര്‍ജ് ജോസഫ് ആണ് ജീവിതപങ്കാളി. അന്ന, ജോസഫ് എന്നിവര്‍ മക്കള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments