തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ വജയം നേടി തുടര്‍ഭരണ ചരിത്രം കുറിച്ചപ്പോള്‍ ആ അസുലഭ നേട്ടത്തിന് പിന്നില്‍ കെ.കെ ശൈലജയുടെ പ്രവര്‍ത്തന മികവുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയും കെ.കെ ശൈലജയുമൊഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്ന് കേട്ടപ്പോള്‍ ആ വിപ്ലവ തീരുമാനം ജനങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ കഴിഞ്ഞ തവണ മന്ത്രിമാരായവരെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നുവെന്ന സാങ്കേതാകാര്‍ത്ഥത്തിലുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനമാണ് കെ.കെ ശൈലജയ്ക്കും ബാധകമായത്. എന്നാല്‍ അതുള്‍ക്കൊള്ളാന്‍ കടുത്ത പാര്‍ട്ടി അണികള്‍ മുതല്‍ പൊതുസമൂഹം വരെ തയ്യാറാവില്ല.
യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന കൂത്തുപറമ്പില്‍ നിന്നും 12291 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് കെ.കെ ശൈലജ ഒന്നാം പിണറായി സര്‍ക്കാറില്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രിയാവുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ദേശീയതലവും കടന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ കേരള ആരോഗ്യ മോഡലിന്റെ ബ്രാന്‍ഡ് അംബാസിഡറായി കെകെ ശൈലജ മാറി. ആദ്യ കടമ്പ നിപ്പ പ്രവര്‍ത്തന മികവില്‍ തുടക്കത്തില്‍ പിണറായി സര്‍ക്കാറിലെ മറ്റ് പല മന്ത്രിമാരുടേയും അതെ തട്ടില്‍ ഉണ്ടായിരുന്ന കെ.കെ ശൈലജയുടെ ഗ്രാഫ് കുതിച്ചുയരുന്നത് 2018 ലെ നിപ വൈറസ് വ്യാപനത്തിന്റെ സമയത്താണ്.
കോഴിക്കോട് പേരാമ്പ്രയില്‍ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ഭീതിയില്‍ സംസ്ഥാനം വിറങ്ങലിച്ച് നിന്നപ്പോള്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ആകെ മരണം 17 ല്‍ ഒതുക്കാന്‍ ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പിന് സാധിച്ചു. ആഗോള പ്രശസ്തി ലോകത്ത് തന്നെ നിപ വ്യാപനത്തെ തുടര്‍ന്നുണ്ടായ ഏറ്റവും കുറഞ്ഞ മരണ നിരക്കായിരുന്നു കേരളത്തിലേത്. ഇതോടെ അന്താരാഷ്ട്ര തലത്തിലേക്ക് വരെ മന്ത്രിയുടെ പ്രശസ്തി ഉയര്‍ന്നു. ആഗോള വേദികളില്‍ മന്ത്രിയും അതുവഴി കേരളവും ആദരിക്കപ്പെട്ടു.
തിരുവനന്തപുരത്തെ വകുപ്പ് ഓഫീസില്‍ ഇരുന്നുകൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചായിരുന്നില്ല ആരോഗ്യമന്ത്രി അന്ന് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജനകീയ പ്രതിച്ഛായ നിപ ബാധയെ തുടര്‍ന്ന് അതീവ ഭീതിയില്‍ കഴിയുന്ന പേരാമ്പ്ര കേന്ദ്രീകരിച്ചായിരുന്നു മന്ത്രിയുടെ പ്രവര്‍ത്തനം. ആളുകളെ നേരില്‍ കണ്ടും സംസാരിച്ചും മന്ത്രി നടത്തിയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ഇതോടെ മന്ത്രിയുടെ ജനകീയ പ്രതിച്ഛായയും ഉയര്‍ന്നു.
ചൈനയില്‍ നിന്നും എത്തിയ തൃശൂര്‍ സ്വദേശികളായ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലൂടെ രാജ്യത്തെ ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ആരോഗ്യവകുപ്പിനെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കുവാന്‍ കെ.കെ ശൈലജയ്ക്ക് സാധിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും മരണങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ് കേരളത്തിന്റേത്. ഈ നേട്ടത്തില്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ കെ.കെ ശൈലജയുടെ പ്രവര്‍ത്തനത്തിന്റെ പങ്ക് നിസ്തുലമാണ്.
അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മട്ടന്നൂരിലെ ജനങ്ങള്‍ അവര്‍ക്ക് നല്‍കിയ ചരിത്ര ഭൂരിപക്ഷം. 60,963 എന്ന കേരള ചരിത്രത്തിലെ ഒരു നേതാവിനും ഇന്നുവരെ എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ ഭൂരിപക്ഷം സ്വന്തമാക്കിയാണ് കെ.കെ ശൈലജ മട്ടന്നൂരില്‍ നിന്നും ഇത്തവണ വിജയിച്ചത്. എന്നാല്‍ മട്ടന്നൂര്‍ സീറ്റ് കെ.കെ ശൈലജയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ ഇ.പി ജയരാജന് താല്‍പര്യക്കുറവുണ്ടായിരുന്നത്രേ. ഇപ്പോള്‍ ശൈലജയെ പുറത്ത് നിര്‍ത്തിക്കൊണ്ട് പാര്‍ട്ടിയെടുത്ത ഈ തീരുമാനത്തിന് അന്നത്തെ ആ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെടുത്തി വരെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ജനകീയതയില്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ക്ക് അത്ര പ്രിയപ്പെട്ടവള്‍ ആയിരുന്നില്ല കെ.കെ ശൈലജ. 88 അംഗ സംസ്ഥാന സമിതിയില്‍ കെ.കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടവര്‍ 7 മാത്രമാണ് എന്നതും ഇതിന് അടിവരയിടുന്നു. എം.വി ജയരാജന്‍, അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍ എന്നിവരാണ് അവര്‍ക്ക് പിന്തുണ നല്‍കിയത്. അവഗണിക്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ കെ.കെ ശൈലജ ഒഴിവാക്കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളില്‍ നിന്നും പിണറായി വിജയനും ഒഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല.