തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താനായി ആവനാഴിയിലെ അവസാന ആയുധങ്ങളും രമേശ് ചെന്നിത്തല പുറത്തെടുത്തെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം രമേശ് ചെന്നിത്തലയ്ക്ക് കനത്ത പ്രഹരമായി. ഇതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുരന്തമെന്ന് തന്നെ വിശേഷിപ്പിക്കാം.
പ്രതിപക്ഷ നേതൃസ്ഥാനം നാളെ പ്രഖ്യാപിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുസ്ലിം ലീഗ് നേതൃത്വം ഇന്നലെ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.
എന്നാല്‍ സോണിയാ ഗാന്ധിയുടെയും എ.ഐ.സി.സി നേതൃത്വത്തിന്റെയും മുന്നില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള അവസാനവട്ട കരുനീക്കങ്ങളിലായിരുന്നു ചെന്നിത്തല. ഉമ്മന്‍ചാണ്ടി മുതല്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ വരെയുള്ള തലമുതിര്‍ന്ന നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കുവേണ്ടി എ.ഐ.സി.സിയില്‍ ശുപാര്‍ശ ചെയ്തു.
പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാന ഉറപ്പിക്കാന്‍ ഡല്‍ഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജീവിച്ചിരിക്കുന്ന പഴയ തലമുറയിലെ കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ടും സമ്മര്‍ദ്ദം ചെലുത്തി. എം.പിയായും എ.ഐ.സി.സി നേതൃനിരയിലും വിവിധ സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്നപ്പോഴുള്ള എല്ലാ ബന്ധങ്ങളും രമേശ് ചെന്നിത്തല ഇതിനായി ഉപയോഗിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന് യുവ അംഗങ്ങളുടെ പിന്തുണ ലഭിച്ച സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ നാടകീയ നീക്കങ്ങള്‍.
എന്നാല്‍ രമേശ് ചെന്നിത്തലയെ പോലെ ശക്തനായ ഒരാള്‍തന്നെ നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരേണ്ടതെന്നും, ആവേശം കൊണ്ടു മാത്രം പാര്‍ട്ടി സംവിധാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടിയടക്കം വാദിച്ചു. ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് ഭീഷണിയുമായി യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്.
24ന് നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷനേതാവിനെ കണ്ടെത്താനാകാത്തത് യുഡിഎഫിനാകെ നാണക്കേടാണ്. കോണ്‍ഗ്രസ് ഗ്രൂപ്പുപോരിനെ തുടര്‍ന്നാണ് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതെന്ന അഭിപ്രായമാണ് ലീഗ് മുന്നോട്ടു വച്ചത്.
അതുകൊണ്ടുതന്നെ നിയമസഭയില്‍ തങ്ങള്‍ ഏതെങ്കിലും തീരുമാനം എടുത്താല്‍ തടയാന്‍ വരരുതെന്നും അവര്‍ ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, തലമുറ മാറ്റത്തിനായി രാഹുല്‍ഗാന്ധിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു.