കൊച്ചി: ബാലുശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ മറുപടിയുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് യു രാജീവന്‍. കോണ്‍ഗ്രസ് നേതാക്കള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധര്‍മജന്റെ ആരോപണം വിശ്വസനീയമല്ലെന്ന് രാജീവന്‍ പറഞ്ഞു. ധര്‍മജന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും രാജീവന്‍ പറഞ്ഞു.
ധര്‍മജനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂരും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധര്‍മ്മജന്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ഗിരീഷ് പറഞ്ഞു.
രണ്ട് പ്രദേശിക നേതാക്കള്‍ തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്ത് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ധര്‍മ്മജന്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന് പരാതി നല്‍കിയിരുന്നു. ഒരു കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് മണ്ഡലം ഭാരവാഹിയുമാണ് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
പിന്നാലെയാണ് വിശദീകരണവുമായി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രംഗത്തെത്തിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നത് സാധാരണമായിരുന്നെന്നും ഫണ്ടില്ലാത്തതിനാല്‍ പ്രചാരണം മുന്നോട്ട് പോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോട് കൂടി ചില പ്രധാന വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിച്ചതെന്നുമാണ് വിശദീകരണം. ഇത്തരത്തില്‍ രസീത് നല്‍കി 80,000 രൂപ മാത്രമാണ് പിരിച്ചെടുത്തതെന്നും വ്യക്തമാക്കുന്നു.
സ്ഥാനാര്‍ഥി എന്ന നിലയില്‍ ധര്‍മജന്‍ വന്‍ പരാജയമായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇത്ര വലിയ പരാജയം മുന്‍പ് മത്സരിച്ച ഒരു യു.ഡി.എഫ് സ്ഥാനാര്‍ഥിയും ഏറ്റുവാങ്ങിയിട്ടില്ലെന്നും രാവിലെ ആറിന് കോളനി സന്ദര്‍ശിക്കാന്‍ കമ്മിറ്റി തീരുമാനിച്ചെങ്കിലും ഒരു ദിവസം പോലും ധര്‍മജന്‍ അതിനു തയാറായിട്ടില്ല. സന്ധ്യക്ക് ശേഷം സ്ഥാനാര്‍ഥി എവിടെയായിരുന്നു എന്ന് ഒരാള്‍ക്കു പോലും അറിയില്ലെന്നുമുള്ള ഗുരുതര ആരോപണമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ, നിയന്ത്രണത്തിലോ അല്ല നടന്നിട്ടുള്ളത്. രണ്ടാംഘട്ട പര്യടനം വേണ്ട എന്ന് തീരുമാനിച്ചതും കമ്മിറ്റിയില്ല. പരമാവധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാനാണു കമ്മിറ്റി തീരുമാനിച്ചത്. എം.പി ഉള്‍പ്പെടെ ഈ കുടുംബസംഗമങ്ങളില്‍ എത്തി. വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥി ബാലുശ്ശേരിയില്‍ പോലും വന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.