മാലദ്വീപ് സര്‍ക്കാര്‍ 16 ദ്വീപുകള്‍ 50 വര്‍ഷത്തെ പാട്ടത്തിന് ലേലം ചെയ്യാനൊരുങ്ങുന്നു. ദ്വീപ് വാങ്ങുന്നവര്‍ അവിടെ ഒരു റിസോര്‍ട്ട് നിര്‍മിക്കുവാനും തയാറാവാണം. ടൂറിസം പ്രധാന വരുമാന മാര്‍ഗമായ മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയില് കൊറോണ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാരിന്റെ ഈ പുതിയ നടപടി. ലേലം വിജയിക്കുന്നവര്‍ക്ക് ഏതൊരു പ്രോജക്ടിന്റെയും നിര്‍മാണം ആരംഭിക്കാന്‍ 36 മാസം കാലാവധിയുണ്ട്. മാത്രമല്ല അഞ്ച് വര്‍ഷത്തെ റസിഡന്റ് വീസയും ലഭിക്കും.
ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ നിര്‍മാണ സമയത്ത് മരങ്ങള്‍ വെട്ടിമാറ്റാനോ മറ്റും സാധിക്കുകയില്ല. ഒരു മരം വെട്ടിയാല്‍ രണ്ടെണ്ണം അതിന്റെ സ്ഥലത്ത് നടണം എന്ന നിബന്ധനയും ബാധകമാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിന് സസ്യജാലങ്ങളില്‍ നിന്ന് മാറി അഞ്ച് മീറ്റര്‍ അല്ലെങ്കില്‍ 16 അടി ചുറ്റളവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടൂറിസം മന്ത്രാലയവുമായി ബന്ധപ്പെടാം.(planning@tourism.gov.mv)
രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ മാലെയ്ക്ക് സമീപം മീമു അറ്റോളും,42 ഏക്കറിലുള്ള താ അറ്റോളിലെ ക്ലസ്റ്ററും ഈ വില്പനക്കുള്ള ദ്വീപുകളില്‍ ഉള്‍പ്പെടുന്നു. മനോഹരമായ ബീച്ചുകളോടുകൂടിയ ദ്വീപുകളെല്ലാം പ്രകൃതിയുടെ സുന്ദര കാഴ്ചകള്‍ നിറഞ്ഞതും കടലിന്റെ ആഴങ്ങള്‍ അടുത്തറിയാന്‍ സാധിക്കുന്നവയുമാണ്.