തിരുവനന്തപുരം: വിവാദമായ തെരഞ്ഞെടുപ്പ് ഫണ്ട് വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നടനും ബാലുശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി തുറന്നടിച്ചു.
ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് അന്ന് മുല്ലപ്പള്ളി രാമചന്ദ്രന് താന്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ലെന്നും ധര്‍മജന്‍ പറഞ്ഞു. സി.പി.എമ്മില്‍ അങ്ങനെയൊരു സംഭവമുണ്ടായാല്‍ അപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താന്‍ കോണ്‍ഗ്രസിനൊപ്പം തന്നെയാണെന്നും ഞാനൊരു കട്ട കോണ്‍ഗ്രസുകാരനാമെന്നും ധര്‍മജന്‍ വ്യക്തമാക്കി.
പക്ഷെ കോണ്‍ഗ്രസ് കുറെ മെച്ചപ്പെടാനുണ്ട്. പഴയ കോണ്‍ഗ്രസ് അല്ല ഇപ്പോള്‍. വി.ഡി സതീശനും കെ സുധാകരനും വന്നപ്പോള്‍ ഒരു പ്രതീക്ഷയുണ്ട്. ഗ്രൂപ്പുകള്‍ ഇല്ലാതെയാണ് ഇവര്‍ രണ്ടു പേരും വന്നിരിക്കുന്നത്. ആ ഒരു സന്തോഷം എനിക്കുണ്ട്. ഗ്രൂപ്പുകള്‍ മറന്ന് നിന്നാല്‍ മാത്രമേ കോണ്‍ഗ്രസ് രക്ഷപ്പെടൂ എന്ന് ധര്‍മജന്‍ പറയുന്നു.
പ്രചരണസമയത്ത് അധികം നേതാക്കളൊന്നും ബാലുശേരിയില്‍ എത്തിയില്ല. ഹൈബി ഈഡന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഞാന്‍ പറഞ്ഞിരുന്നു, ജയിക്കുന്ന മണ്ഡലമോ, തോല്‍ക്കുന്ന മണ്ഡലമോ അല്ല ആവശ്യം.
പോരാടാന്‍ പറ്റുന്ന മണ്ഡലമാണ് ആവശ്യമെന്നാണ്. എല്ലാവര്‍ക്കും അറിയാമായിരുന്ന അവിടെ നിന്നാല്‍ തോല്‍ക്കുമെന്ന്. പക്ഷെ അത്രയും വോട്ടിന് തോല്‍ക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മനസില്‍ വിഷമവും തോന്നി-ധര്‍മജന്‍ പറഞ്ഞു.